യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. കോടിയേരി
NewsKerala

യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. കോടിയേരി

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ എന്നും, പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടിരുന്നതായും, സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചത്.


സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി കെ കെ ശൈലജ ടീച്ചർ ഫേസ് ബുക്കിൽ കുറിച്ചു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്. എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ കെ ശൈലജ ടീച്ചർ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.
ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തടവുകാരനായിരിക്കെ അസുഖം മൂർച്ചിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാർത്ത ഏറെ ദുഖിപ്പിക്കുന്നതാണെന്നാണ് ഫേസ് ബുക്കിൽ കുറിച്ചത്. ‌യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തൻ, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂർ ഏരിയയിൽ പാർട്ടി കെട്ടിപ്പടുക്കാനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ശത്രുക്കൾക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സർക്കാർ ചെയ്തത്. സഖാവ് കുഞ്ഞനന്തൻ്റെ വിയോഗം പാർട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണെന്നും കോടിയേരി അനുശോചനം അറിയിച്ചുകൊണ്ട് കുറിച്ചു.

അതേസമയം, കൊലയാളികളുടെ ആരാധനാലയമായി പാർട്ടിയും സർക്കാരും, അവരുടെ ദൈവമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മാറുകയാണെന്ന് ഈ അനുശോചന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതിനു പിറകെ, ഷാഫി പറമ്പിൽ എം എൽ എ ഫേസ് ബുക്കിൽ കുറിക്കുകയുണ്ടായി. അസുഖം വന്നോ, പ്രായാധിക്യം കൊണ്ടോ മറ്റോ, ഒരു സ്വാഭാവിക മരണത്തിനുള്ള എല്ലാ അവകാശവും ടി പി ചന്ദ്രശേഖരനും ഉണ്ടായിരുന്നു. 4 പതിറ്റാണ്ടോളം സി പി എം കൊടിപിടിച്ചൊരു മനുഷ്യനെ 51 വെട്ട് വെട്ടി കൊന്ന കേസിലെ പ്രതികളിലൊരാളെ കരുതലുള്ള മനുഷ്യനാക്കി ചിത്രീകരിച്ചത്,‌ ജയിലിൽ കൊടി സുനിയെ സന്ദർശിച്ച് പിന്തുണ കൊടുത്തത്‌ പോലെയുള്ള ഒരു നടപടി തന്നെയാണ്.
ഓർക്കുക, മരിച്ചിട്ടും പിണറായി വിജയന് ടി പി ചന്ദ്രശേഖരൻ കുലം കുത്തി തന്നെയായിരുന്നു. ഷാഫി പറമ്പിൽ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.

Related Articles

Post Your Comments

Back to top button