രാജ്യത്തെ ആകെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊല.
News

രാജ്യത്തെ ആകെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊല.

രാജ്യത്തെ ആകെ ഞെട്ടിച്ചുകൊണ്ട് യു പിയിൽ വീണ്ടും ദുരഭിമാനക്കൊല അരങ്ങേറി. ഒരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂടിവന്നു മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിൽ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയല്‍ക്കാർ ചേർന്നാണ് ഈ ക്രൂരത കാട്ടിയത്. ഇവരുടെ വീട്ടിലെ യുവതിയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊല. സംഭവത്തില്‍ യുവതിയുടെ പിതാവടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തില്‍ വൻ പോലീസ് സുരക്ഷയാണ് സംഭവത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ളത്.

രാത്രിയില്‍ യുവാവിന്റെ വീട്ടിലെത്തിയ സംഘം യുവാവിനെ വിളിച്ചിറക്കി‌ കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടർന്ന് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. മൂന്ന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പോലീസുകാര്‍ക്കും സംഭവത്തിൽ പരിക്കുണ്ട്. അംബികാ പ്രസാദ് പട്ടേല്‍ അയല്‍വീട്ടിലെ യുവതിയുമായി ഒരു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ യുവാവിനെ നിരന്തരം ഭീഷണിയിരുന്നതാണ്. കഴിഞ്ഞ മാസം യുവതിക്ക് പൊലീസ് സേനയില്‍ നിയമനം ലഭിച്ച്‌ കാണ്‍പൂരില്‍ പോസ്റ്റിങ്ങുമായി. ഇതിനിടയില്‍ യുവതിയും യുവാവുമൊത്തുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതാണ് വീട്ടുകാരെ പ്രകോപിതരാക്കിയത്. ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നില്‍ യുവാവാണെന്ന് പറഞ്ഞ് യുവതിയും വീട്ടുകാരും പൊലീസില്‍ പരാതി നല്‍കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം മെയ് ഒന്നിനാണ് യുവാവ് ജയില്‍ മോചിതനായി പുറത്ത് വന്നത്.

Related Articles

Post Your Comments

Back to top button