

രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കുമെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണസംഘത്തിന്‍റെ പഠനം. ഐസിഎംആർ നിയോഗിച്ച ഓപറേഷൻസ് റിസർച്ച് ഗ്രൂപ്പിന്‍റെതാണ് പഠന റിപ്പോർട്ട്. രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് പഠനം പറയുന്നു. അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്.
രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കും. അടച്ചുപൂട്ടൽ കോവിഡ് പാരമ്യത്തിൽ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. എന്നാൽ വരും മാസങ്ങളിൽ വെന്റിലേറ്റർ, ഐസിയു, കിടക്കകൾ എന്നിവയുടെ കുറവ് നേരിടുമെന്ന് പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 11000 ന് മുകളിലാണ് പ്രതിദിന രോഗബാധിതർ. 300 ൽ അധികം മരണവും നടക്കുന്നു. ഒരു മാസം മുൻപ് 85, 856 കേസുകളും 2,753 മരണവും റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 3,30000 ത്തിലധികം കേസുകളിലും, 9,400 ന് അടുത്ത് മരണത്തിലും എത്തിനിൽക്കുകയാണ്.
പതിനഞ്ച് നഗരങ്ങളിലായാണ് 63% രോഗികളും ഉള്ളത്. ഇതുവരെ രാജ്യത്ത് 50.5% പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ 3390 പുതിയ കേസും 120 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസ് 1,07,958 ഉം മരണം 3,950 ഉം ആയി ഉയർന്നിരിക്കുകയാണ്. ഡൽഹിയിൽ 2224 പുതിയ കേസും 56 മരണവും രേഖപ്പെടുത്തി. ആകെ കേസ് 41000 ഉം, മരണം 1327 ഉം കവിഞ്ഞു. രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം റെയിൽവെ 204 ഐസൊലേഷൻ കോച്ചുകൾ കൂടി സജ്ജമാക്കി വരുകയാണ്. യുപിക്ക് 70 ഉം ഡൽഹിക്ക് 54 ഉം തെലങ്കാനക്ക് 60 ഉം ആന്ധ്രാ പ്രദേശിന് 20 ഉം കോച്ച് വീതം നൽകാനാണിത്.
Post Your Comments