

രാഷ്ട്രീയത്തിന്റെ കുഴൽ കണ്ണാടിയിലൂടെയാണ് വനിതാ കമ്മീഷൻ പരാതികൾ കാണുന്നത്. രാഷ്ട്രീയ താൽപര്യം മാത്രം വെച്ചുകൊണ്ടാണ് കമ്മീഷന്റെ പ്രവർത്തനം. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. വാക്കത്തി തലയണയ്ക്കടിയിൽ വയ്ക്കാതെ സ്ത്രീകൾക്ക് ഉറങ്ങാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സ്വസ്ഥമായി വീട്ടിൽ പോലും കിടന്ന് ഉറങ്ങാൻ സ്ത്രീകൾക്ക് കഴിയുന്നില്ല. പാർട്ടിയാണ് പൊലീസ്, കോടതി എന്ന നിലപാട് എടുക്കുന്ന വനിതാകമ്മീഷനിൽ നിന്ന് സ്ത്രീകൾക്ക് നീതി ലഭിക്കില്ല. സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ ആണിത്.
എം.സി ജോസഫൈൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് എതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്ശനങ്ങൾ ഉന്നയിച്ചത്.
സ്ത്രീകൾക്ക് എതിരെ അതിക്രമം ഉണ്ടായാലും, അപമാനം ഉണ്ടായാലും പാർട്ടി നോക്കിയാണ് വനിതാകമ്മീഷന്റെ ഇടപെടൽ. കമ്മീഷന്റെ ഭരണഘടനയുടെ ഉത്തരവാദിത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ് കമ്മീഷൻ അധ്യക്ഷ നടത്തുന്നത്. സംസ്ഥാനത്ത് സ്ത്രീകൾ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണ്. അതിക്രമങ്ങൾ സർക്കാരും വനിത കമ്മീഷനും കണ്ടില്ലന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കഠിനംകുളത്ത് ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും ക്രൂരപീഡനത്തിന് ഇരയായ സ്ത്രീയെ സന്ദർശിച്ച ശേഷം വനിതകമ്മീഷൻ അധ്യക്ഷ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സിപിഎം നേതാക്കൾ പരാതിക്കാരാകുന്ന കേസുകളിൽ പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ അതിൽ വനിത കമ്മീഷൻ ഇടപെടേണ്ടതില്ലെന്ന അധ്യക്ഷയുടെ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി തന്നെ കോടതിയും, പൊലീസുമാണെന്നും ജോസഫൈൻ പറഞ്ഞു. ഇതേ തുടർന്നാണ് രാജി ആവശ്യവുമായി മഹിളാകോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments