

രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാതെ പോയ മനസ്സിന്‍റെ ജല്‍പനം മാത്രമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്ശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ആകരുതെന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുമ്പോൾ മലയാളികള്‍ക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല്‍ മുല്ലപ്പള്ളിക്ക് അത് കേൾക്കുമ്പോൾ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തെ പല ഭാഗങ്ങളിലെ സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൊണ്ടുമാണ് അത് കൃത്യമായി നിർവഹിച്ചു വരുന്നത്.
സര്‍ക്കാര്‍ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. നിപ പോരാളികളുടെ ആത്മധൈര്യം കെടുത്തുന്ന പരാമര്‍ശമാണ് കെ.പി.സി.സി പ്രസിഡന്റിന്റേതായി ഉണ്ടായത്. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാവുകയാണ് അദ്ദേഹം. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കില്‍ എത്ര അധഃപതിച്ച മനസ്സാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്? കേരളം ലോകത്തിന് മാതൃകയാകുന്നു. അദ്ദേഹത്തിന്‍റെ മനോനിലയുടെ പ്രതിഫലനമാണിത്. സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങള്‍ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ അത്. തരംതാണ പരാമര്‍ശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമര്‍ശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല മാതിരി ശ്രമിച്ചവര്‍ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments