

ലോകം ആപല്‍ക്കരമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം ത്വരിതപ്പെടുകയാണ്. വ്യാഴാഴ്ച്ച മാത്രം ഒന്നര ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ പകുതിയോളം അമേരിക്കയിലാ ണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
‘കൊവിഡ് ഇപ്പോഴും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. വൈറസ് ഇപ്പോഴും മാരകം തന്നെയാണ്’, ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കാനും അതീവ ജാഗ്രത പുലര്‍ത്താനും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അമേരിക്കയിലെ പോലെ തന്നെ ദക്ഷിണേഷ്യയിലും മിഡില്‍ ഈസ്റ്റിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ രണ്ടാം ഘട്ട തരംഗം മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി സമീപിക്കണമെന്ന് ഡബ്ല്യൂ എച്ച് ഒയുടെ അടിയന്തര കാര്യവിഭാഗം മേധാവി ഡോ മൈക്ക് റയാന്‍ ചൂണ്ടിക്കാട്ടി. പുതിയ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് രണ്ടാം ഘട്ട വ്യാപനമായി കരുതാനാവില്ല. ഒരു തരംഗത്തില്‍ തന്നെ രണ്ടാമതും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത് സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടും, 85 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 4.53 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേര്‍ ബ്രസീലില്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47,748 ആയി. ഇതുവരെ 9.78 ലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 12 ശതമാനം പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
Post Your Comments