

ലോക്ഡൗണിൽ ശരിക്കും ‘ലോക്കാ’യ ഒരു പ്രവാസി കുടുംബം അധികൃതരുടെ കനിവും കാത്ത്.തൃശൂർ പന്നിത്തടം സ്വദേശി ചുങ്കത്ത് ലാൽമോൻ ചാർളിയും കുടുംബവുമാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടി കാത്തിരിക്കുന്നത്.3 മാസമായി ജോലിയില്ലാതെ, താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ പ്രയാസപ്പെട്ടു കഴിയുകയാണെന്നും എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നുമാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
കോൺസുലേറ്റിൽ റജിസ്റ്റർ ചെയ്തും മെയിൽ അയച്ചും മാസങ്ങളായി കാത്തിരിക്കുകയാണെങ്കിലും ഇതുവരെ ഒരു മറുപടിയും ഉണ്ടായില്ല. പുതിയൊരു കമ്പനിയിൽ മെച്ചപ്പെട്ട ജോലി ലഭിച്ച് ലാൽമോൻ നാട്ടിൽ പോയി തിരിച്ചെത്തിയത് ജനുവരി 30നായിരുന്നു. ഒന്നര മാസം ജോലി ചെയ്തപ്പോഴേക്കും കോവിഡിന്റെ വരവോടെ ജോലി നഷ്ടപ്പെട്ടു. വീസ സ്റ്റാംപ് ചെയ്യുന്നതിനു മുൻപുതന്നെ മാർച്ച് 24ന് എൻട്രി പെർമിറ്റ് റദ്ദാക്കുകയായിരുന്നു. ലോക് ഡൗണായതോടെ ഒരിടത്തും ജോലി ലഭിച്ചില്ല. ഭാര്യ ജിനി ജോർജിന്റെ പ്രസവത്തിനു നാട്ടിലേക്കു പോകാനായി ടിക്കറ്റ് എടുത്തു വച്ചിരുന്നെങ്കിലും വിമാന സർവീസ് റദ്ദായതോടെ ശരിക്കും കുടുങ്ങി.
ഒടുവിൽ ശസ്ത്രക്രിയയിലൂടെ മേയ് 3ന് ദുബായിൽ തന്നെ പ്രസവം നടന്നു. സ്വരൂക്കൂട്ടിവച്ചതും കടംവാങ്ങിയതുമെല്ലാമായി ആശുപത്രി ബില് അടച്ച് വീട്ടിലെത്തി. പ്രസവത്തിനു നാട്ടിലേക്കു പോകാനിരുന്നതിനാൽ വിവാഹ സർട്ടിഫിക്കറ്റും അറ്റസ്റ്റ് ചെയ്തിരുന്നില്ല. അതിനാൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കാനായില്ല. അറ്റസ്റ്റ് ചെയ്യാനായി വിവിധ ഏജൻസികളെ സമീപിച്ചെങ്കിലും ലോക്ഡൗൺ മൂലം ഡൽഹിയിൽ അറ്റസ്റ്റേഷൻ സൗകര്യം ഇല്ലെന്നു പറഞ്ഞ് അവരും പിന്മാറി. ഒരുമാസം പ്രായമായ മകൾ ലേയക്കു പാസ്പോർട്ടിനായി ബിഎൽഎസിനെ സമീപിച്ചെങ്കിലും കോൺസുലേറ്റിൽനിന്ന് കത്തുവാങ്ങിക്കൊണ്ടുവന്നാൽ പരിഗണിക്കാമെന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായതിനാൽ ഭാര്യയ്ക്കും ജോലിക്കു പോകാൻ സാധിക്കുന്നില്ല. വാടക കൊടുക്കാനില്ലാത്തതിനാൽ കൈക്കുഞ്ഞുമായി ദുബായ് അൽനഹ്ദയിലെ താമസ സ്ഥലത്തുനിന്ന് ഏതു സമയവും ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബം. ലാലിന്റെ വീസ റദ്ദാക്കിയിട്ട് 3 മാസം കഴിഞ്ഞു. അതിന്റെ ഭീമമായ പിഴയും ഉണ്ടാകുമോ എന്ന പ്രയാസവും ഈ കുടുംബത്തെ അലട്ടുന്നു. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയാണെന്നും കുട്ടിക്ക് ഔട്ട്പാസ് എങ്കിലും തരപ്പെടുത്തി എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നാണ് ഈ മലയാളി കുടുംബം ആവശ്യപ്പെടുന്നത്.
Post Your Comments