

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ കൂടുതൽ വരുന്ന സാഹചര്യത്തിലും, ജാഗ്രതയിൽ നിന്നും ആരും ഒട്ടും പിന്നോട്ട് പോകരുതെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കർശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികൾ നടത്താൻ ഓരോരുത്തരും നിർബന്ധിതരാണ്. ആരോഗ്യ മന്ത്രി പറഞ്ഞു.
കൂടുതൽ മേഖലകളിൽ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു. കൊറോണ വൈറസിൽ നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാൻ എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കണം. മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും ചെയ്യണം. വയോധികർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർ വീട് വിട്ട് പുറത്തിറങ്ങാതിരിക്കാനും രോഗ സാധ്യതയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
എന്തിന് കൈ കഴുകണം?
ലോകത്താകമാനം വ്യാപകമായി പടരുന്ന മാരക രോഗമാണ് കോവിഡ്-19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ് വേണ്ടത്. രോഗബാധിതർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം. ഈ സ്രവങ്ങളിൽ സ്പർശിക്കാനിടയായാൽ കൈകളിൽ നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാൻ വേണ്ടിയാണ് കൈകൾ കഴുകണമെന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവർ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകൾ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
എല്ലാവരും മാസ്‌ക് ധരിക്കണം
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാൽ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകൾ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുമ്പോൾ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാൻ ശീലിക്കണം. ഒരു മാസ്‌ക് 6 മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകൾ ധരിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പർശിക്കാൻ പാടില്ല. അബദ്ധവശാൽ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ചോ ആൾക്കഹോൾ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്. മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോൾ വളരെ ശ്രദ്ധയോടുകൂടി മുൻഭാഗങ്ങളിൽ സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് മാറ്റേണ്ടതാണ്. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച ശേഷം വീട്ടിലെത്തിയ ഉടൻ തന്നെ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. മാസ്‌ക് ലഭിക്കാത്ത സന്ദർഭങ്ങളിൽ തൂവലകളും മാസ്‌കായി ഉപയോഗിക്കാവുന്നതാണ്.
അതിജീവിക്കാൻ സാമൂഹിക അകലം.
കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് നേരിട്ട് പകരുന്നതിനാലാണ് സാമൂഹിക അകലം പാലിക്കണമെന്ന് പറയുന്നത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് ഒന്നര മീറ്ററിനപ്പുറം പകരാൻ സാധ്യത കുറവാണ്. അതിനാൽ സമൂഹവുമായി നേരിട്ടിടപെടേണ്ടി വരുന്ന സമയങ്ങളിൽ മറ്റുള്ളവരിൽ നിന്നും ഒന്നര മീറ്റർ അകലം പാലിക്കണം. കടകളിലും പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാം സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Post Your Comments