

കണ്ണീരും കൈയുമായി കുവൈത്തിൽ പാലക്കാട് സ്വദേശിനിയായ യുവതി വീട്ടുതടങ്കലിൽ അടിമപ്പണി ചെയ്യുന്നു. പ്രവാസികളുടെ എല്ലാം എല്ലാമാണെന്നു പറയുന്ന നോർക്ക മുഖേന വീട്ടുജോലിക്കായി കുവൈത്തിലേക്കു പോയ പാലക്കാട് സ്വദേശിനി ആബിദക്കാന് ഈ ദുർഗതി.
’’കുവൈത്തിൽ ഞാൻ വീട്ടുജോലി ചെയ്യുന്ന വീടിന്റെ പുറത്തേക്കുള്ള 2 വാതിലും അവർ അടച്ചിരിക്കുന്നു. 10 പേരുള്ള വീട്ടിൽ അടിമയെപ്പോലെയാണു പണിയെടുക്കുന്നത്. അലർജിയും വയറുവേദനയുമുള്ളതിനാൽ റൊട്ടിയുടെ കഷണം പോലും കഴിക്കാനാകുന്നില്ല. വെള്ളം മാത്രം കുടിച്ചാണു ജീവൻ നിലനിർത്തുന്നത്. എല്ലാംകൊണ്ടും അപകടത്തിലാണ്, രക്ഷിക്കണം. നോർക്ക മുഖേന വീട്ടുജോലിക്കായി കുവൈത്തിലേക്കു പോയ പാലക്കാട് സ്വദേശിനിയായ പ്രവാസി സ്ത്രീ, എങ്ങനെയെങ്കിലും സഹായിക്കണം ’’ എന്നാവശ്യപ്പെട്ടു കുവൈത്തിലുള്ള കൂട്ടുകാരിക്ക് അയച്ച വാട്സാപ് സന്ദേശത്തിൽനിന്നുള്ള വാക്കുകളാണിത്.
2019 ഒക്ടോബറിലാണ് ആബിദ കുവൈത്തിൽ എത്തിയത്. നോർക്ക മുഖേന, കുവൈത്തിലേക്കു വീട്ടുജോലിക്കു വേണ്ടിയുള്ള സൗജന്യ റിക്രൂട്മെന്റ് വഴി കൂവാറ്റിൽ ജോലി തരപ്പെടുകയായിരുന്നു. എന്നാൽ കുവൈത്ത് പൗരന്റെ വീട്ടിൽ ജോലി ആരംഭിച്ച് ഏതാനും ആഴ്ചകൾകൊണ്ടുതന്നെ മുന്നോട്ടുപോകാനാകാത്ത അവസ്ഥയായി. വീടു വൃത്തിയാക്കലും പാചകവും തുണി കഴുകലും മറ്റുമായി 10 അംഗങ്ങളുള്ള വലിയ വീട്ടിൽ ആബിദ ഓടിത്തളർന്നു പോയി. ഒപ്പം അവർക്ക് വേദനയായി രോഗങ്ങളുമെത്തി. വയറിൽ അലർജിയും വേദനയും കൂടി. ഇതുവരെ ഒരു ചികിത്സയും കിട്ടിയില്ല. ഇപ്പോൾ വെള്ളം മാത്രമാണു ആബിദ കുടിക്കുന്നത്.
തളർന്നു വീഴാറായാലും നിർബന്ധിച്ചു ജോലിയെടുപ്പിക്കും. പുറത്തേക്കുള്ള 2 വാതിലുകളും അടച്ചിട്ടുണ്ട്. വീട്ടിനുള്ളിലെ ചപ്പുചവറുകൾ പുറത്തേക്കിടാൻ മാത്രം വീട്ടിലുള്ളവരുടെ കാവലിൽ വാതിൽ തുറക്കും. അതു കഴിഞ്ഞാൽ വാതിൽ അടയ്ക്കുമെന്ന് ആബിദ പറയുന്നു.
നാട്ടിൽനിന്നു പുറപ്പെടുമ്പോൾ നിർദേശങ്ങൾ സഹിതമുള്ള കുറിപ്പ് ലഭിച്ചിരുന്നു. അതിൽ നോർക്ക റൂട്സ് എന്നു കാണിച്ചു രേഖപ്പെടുത്തിയ നമ്പറുകളിലും എംബസിയിലെ ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ആബിദയുടെ പാസ്പോർട്ടും ഇഖാമയും ജോലിക്കു നിൽക്കുന്ന വീട്ടിലെ കുടുംബനാഥന്റെ കൈവശമാണ്.
Post Your Comments