സംസ്ഥാനത്ത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി.
NewsKerala

സംസ്ഥാനത്ത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി.

സംസ്ഥാനത്ത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി കൊണ്ട് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കുകയാണ് വേണ്ടത്. ജോലിയിൽ പ്രവേശിച്ച് സർവീസ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും, പി.എസ്.സി പ്രൊഫൈലുമായി ആധാറിനെ ബന്ധിപ്പിക്കണം. ആൾമാറാട്ടം തടയാൻ ആധാർ നിർബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.

പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടത്താൻ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയൽ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്. ആൾമാറാട്ടത്തിലൂടെയുള്ള തൊഴിൽതട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനശുപാർശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു. പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് തുടങ്ങിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന നടത്തുക. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂകയുള്ളൂ.
ഒരുവർഷം മുൻപ് മുതൽ ആധാറിനെ തിരിച്ചറിയൽരേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു. പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷനിൽ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 32 ലക്ഷം പേർ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ നിയമനശുപാർശ കിട്ടുന്നവർ ആധാർ ബന്ധിപ്പിക്കണം. പുതുതായി പി.എസ്.സി.യിൽ രജിസ്റ്റർചെയ്യാനും ഇനി ആധാർ നിർബന്ധമാണ്.

Related Articles

Post Your Comments

Back to top button