

സംസ്ഥാന വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് വിടുന്നതിനുള്ള ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ആംഡ് പൊലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കും 200 താത്ക്കാലിക വനിതാ പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കും തുടർച്ചാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാന പൊലീസ് സേനയിലെ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സർക്കിൾ ഇൻസ്പെക്ടർ തസ്തികയെ ‘ഇൻസ്പെക്ടർ ഓഫ് പൊലീസ്’ എന്ന് പുനർനാമകരണം ചെയ്യാനും, കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാർക്ക് 10-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കുവാനും മന്ത്രി സഭായോഗത്തിൽ തീരുമാനമായി.
ഗുരുതരമായ സന്ധിരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം ഏറനാട് സ്വദേശി ഷാഹിന്റെ തുടർചികിത്സയ്ക്ക് രണ്ട് വർഷത്തേക്ക് ആവശ്യമായി വരുന്ന 7,54,992 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുകയുണ്ടായി. കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ദിവസം കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് പരിസരത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട സുരേന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപയുടെ ധനസഹായം മന്ത്രിസഭ അനുവദിച്ചു.
Post Your Comments