
ജീവിതത്തിൽ പകുതിവഴിയിൽ എത്തും മുൻപേ, സിനിമയെ ആ പകുതി വഴിയിൽ നിർത്തിവെച്ച് സച്ചി യാത്രയായി. അതെ, സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാനന്ദന് വിടപറഞ്ഞു. തൃശൂർ ജൂബിലി മിഷന് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. മുൻകൂട്ടി തീരുമാനിച്ചിരുന്നപോലെ അന്തരിച്ച സംവിധായകന് സച്ചിയുടെ സിനിമയെ കണ്ട കണ്ണുകള്‍ ദാനം ചെയ്തു. 48 വയസ്സ് മാത്രമുള്ളപ്പോള്‍, ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യം. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സച്ചിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സംവിധായകന് സേതു പറഞ്ഞു.
സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നു ജൂബിലി മിഷന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. അതേസമയം, അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്. 2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന ചെയ്ത സച്ചി, 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ തുടങ്ങി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സ്വന്തമായി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ ഏഴ് തിരക്കഥകളാണ് സച്ചി സ്വന്തമായി രചിച്ചത്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംവിധായകനാവുക എന്നതായിരുന്നു സച്ചിയുടെ മോഹം. ഒൻപത് വർഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നത്. സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര് സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു ഒരേയൊരു ലക്ഷ്യം. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ക്ലേറ്റിലൂടെ യായിരുന്നു ആ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നത്.
സച്ചിയുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.