

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയതാണ് ഇന്ന് ഈ വെള്ളിയാഴ്ചയുടെ വേദന. ഇടുപ്പെല്ല് ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 48 കാരനായ സച്ചിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി എത്തിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ ലോകം. 13 വര്‍ഷമായി സിനിമയില്‍ സജീവമായ സച്ചി എന്ന സച്ചിതാന്ദൻ ഹൈക്കോടതിയിലെ അഭിഭാഷക ജോലി ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്ക് എത്തുന്നത്. സേതുവിനൊപ്പം ചോക്ലേറ്റ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സച്ചിയുടെ മനസ്സിൽ നിന്ന് അക്ഷരങ്ങൾ ഒഴുകിയത്. സച്ചി-സേതു കൂട്ടുകെട്ട് അരങ്ങുതകര്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് മലയാള സിനിമ കാണുന്നത്. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് ഈ ചിത്രങ്ങള്‍ക്ക് ഇരുവരും ഒരുമിച്ചായിരുന്നു തിരക്കഥ. റണ്‍ ബേബി റണ്‍ ആയിരുന്നു സച്ചി സ്വാതന്ത്രനായി ആദ്യം ഒരുക്കുന്ന തിരക്കഥ. അനാര്‍ക്കലിയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്. അയ്യപ്പനും കോശിയുമാണ് അവസാനചിത്രം.

സച്ചിയുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും സച്ചിയുടെ പ്രിയപ്പെട്ട പൂച്ചയായ ചീരുവിനെക്കുറിച്ചുമുള്ള കുറിപ്പ് വൈറലാവുകയാണ്. ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആ കുറിപ്പ് ഇങ്ങനെയാണ്.
അയാൾ അന്ന് എന്നെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ കാറിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ ഒറ്റപ്പെട്ടു പോകും എന്നു കരുതി കൂടെ കൂട്ടിയതായിരുന്നു. മഴ ഉണ്ടായിരുന്നു. കാറിനകത്തെ ഏസിയുടെ തണുപ്പിൽ അത് ചെറുതായി വിറച്ചിരുന്നു. വയനാട്ടിൽ മൂന്നു നാലു ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായി.
അയ്യപ്പനും കോശിയും എന്ന പുതിയ പടത്തിൻ്റെ പാട്ടെഴുത്തിനാണ് എന്നെ കൂട്ടിയത്. പട്ടെഴുത്തൊന്നും അപ്പോൾ നടന്നില്ല. ആദിവാസി ഊരുകളിലേക്ക് പോകാം എന്ന് പ്ലാനിട്ടിരുന്നു. അപ്രതീക്ഷിതമായ കനത്ത മഴയിൽ അതും നടന്നില്ല. പക്ഷെ ആ മൂന്നു നാലു ദിവസങ്ങളിൽ സച്ചി മഴ പോലെ തിമിർത്തു പെയ്യുന്ന ഒരു സാന്നിധ്യമായി.

രണ്ടാം പ്രളയത്തിൻ്റെ തുടക്കമായിരുന്നു അത്. ഭവാനിപ്പുഴ ചവിട്ടു പടവോളം കയറി. ഞങ്ങൾ രാത്രി തന്നെ കെട്ടുകെട്ടി. പൂച്ചക്കുട്ടി ഉന്മേഷവതിയായിക്കഴിഞ്ഞിരുന്നു. ഞങ്ങളവൾക്ക് ചീരു എന്നു പേരിട്ടിരുന്നു. തിരിച്ച് എന്നെ വീട്ടിലിറക്കുമ്പോൾ ഞാൻ ചോദിച്ചു ചീരുവിനെ ഇവിടെ തന്നു പോകുന്നോ. സച്ചി സമ്മതിച്ചില്ല.
റൺ ബേബി റൺ എന്ന സിനിമയുടെ കഥ സച്ചി ആയിരുന്നു. ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ എന്ന അതിലെ പാട്ട് സത്യത്തിൽ ആ സിനിമയ്ക്ക് അത്യാവശ്യമായ ഒന്നായിരുന്നില്ല. ആ സിനിമയ്ക്ക് അത്രകണ്ട് യോജിച്ചതും ആയിരുന്നില്ല. പാട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാടും പാട്ടിനോടുള്ള ഇഷ്ടവുമാണ് ആ പാട്ടിൻ്റെ സൃഷ്ടിയ്ക്ക് പ്രേരകമായത്.
ഒടുവിൽ കണ്ടത് പൊന്നാനിയിലെ ശംഭു നമ്പൂതിരിയുടെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ചായിരുന്നു. സിനിമ ഉദ്ദേശിച്ചതു പോലെ വന്നതിലുള്ള ഉത്സാഹത്തിലായിരുന്നു അയാൾ. വിളിച്ചിട്ട് കുറച്ചായല്ലൊ ഒന്നു വിളിക്കണം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വാർത്ത എത്തിയത്. സച്ചീ, നിങ്ങളുടെ ചീരു ഭാഗ്യവതിയാണ്. അവൾക്കറിയില്ലല്ലൊ ഈ വേർപാടിൻ്റെ ആഴം.

Post Your Comments