സഭാ കേസില്‍ യാക്കോബായക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
NewsKerala

സഭാ കേസില്‍ യാക്കോബായക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

സഭാ കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല മുഖ്യവിധിയില്‍ വ്യക്തതതേടി യാക്കോബായക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പലതവണ വ്യക്തമാക്കിയിട്ടും വീണ്ടും കേസുമായിവന്നാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍ക്കുകയായിരുന്നു. ഇതോടെ യാക്കോബായ സഭയുടെ പള്ളികളില്‍ മിക്കതും അവര്‍ക്ക് നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ മലങ്കര പ്രശ്‌നം വീണ്ടും സങ്കീർണ്ണമാകാനുള്ള സാധ്യതയും ഉണ്ടായിരിക്കുകയാണ്. പള്ളികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ യാക്കോബയക്കാര്‍ എത്തിയാല്‍ അതിന് ഓര്‍ത്തഡോക്‌സുകാര്‍ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. ഇനി സര്‍ക്കാരിനും പള്ളികള്‍ യാക്കോബായ സഭയ്ക്ക് നല്‍കേണ്ട നടപടികളിലേക്ക് കടക്കേണ്ടി വരും.

2017-ലെ വിധിയില്‍ തങ്ങള്‍ക്കനുകൂലമായ ഒട്ടേറെ പരാമര്‍ശങ്ങളുണ്ടെന്ന് യാക്കോബായ വിഭാഗം നല്‍കിയ അഞ്ഞൂറിലേറെ പേജുള്ള ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വിധി മൊത്തമായി നടപ്പാക്കുകയാണെങ്കില്‍ തങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍കൂടി നടപ്പാക്കണം. മലങ്കര സഭയുടെ മേധാവി പാത്രിയാര്‍ക്കീസാണെന്ന് വിധിയിലുണ്ട്. പാത്രിയാര്‍ക്കീസില്‍ വിശ്വസിക്കുന്നവരെ അടിച്ചമര്‍ത്തരുത്, സെമിത്തേരിയും പള്ളിയും പിടിച്ചെടുക്കരുത്, പ്രശ്‌നങ്ങള്‍ ഇരുവിഭാഗവും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിധിയിലുണ്ടായിരുന്നു. കേരളത്തിലെ വിവിധ മതമേധാവികള്‍ ഇരുകൂട്ടരെയും വിളിച്ചിരുത്തി ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം അതിനു തയ്യാറായില്ല. വിധി നടപ്പാക്കിയില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹര്‍ജി നിലവിലുണ്ടെന്നും യാക്കോബായ വിശ്വാസികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പിനാകി മിശ്ര, അഡ്വ. അഡോള്‍ഫ് മാത്യു എന്നിവര്‍ വാദിച്ചു. എന്നാല്‍, പലതവണ വ്യക്തമാക്കിയ കാര്യം വീണ്ടും തുറക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് സുപ്രീംകോടതി പരാതി തള്ളികയായിരുന്നു.

യാക്കോബായ സഭയ്ക്കുവേണ്ടി കെ.എസ്.വര്‍ഗീസ് നല്‍കിയ വിശദീകരണ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. കേസ് ആദ്യം മുതല്‍ പരിഗണിപ്പിക്കാനാണ് അപേക്ഷകന്റെ ശ്രമമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി. വീണ്ടും വീണ്ടും ഹര്‍ജികള്‍ നല്‍കി സ്ഥിതി വഷളാക്കാനാണ് യാക്കോബായ സഭയുടെ ശ്രമം. 2017ലെ വിധി നടപ്പാക്കുന്നതിന് സഹകരിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികള്‍ നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യം ആരോപിച്ച്‌ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജികള്‍ നിലവിലുണ്ട്. തങ്ങളുടെ അപേക്ഷയും അതിനൊപ്പം പരിഗണിക്കണമെന്ന് ഹര്‍ജിക്കാരനുവേണ്ടി പിനാകി മിശ്രയും അഡോള്‍ഫ് മാത്യുവും വാദിച്ചു. അപ്പോഴാണ് കോടതിയുടെ കടുത്ത വിമര്‍ശനമുണ്ടാകുന്നത്. 2017ലെ വിധിയുടെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ചു നടപ്പാക്കുകയാണെന്നും പൂര്‍ണമായി നടപ്പാക്കണമെന്നാണ് ആവശ്യമെന്നും പിനാകി മിശ്ര വിശദീകരിച്ചു. എന്നാല്‍, 1958ലും 1995ലും 2017ലും സഭാതര്‍ക്ക കേസുകളില്‍ വിധി നല്‍കിയതാണ്. പിന്നീടും പല ഉത്തരവുകളും നല്‍കിയിട്ടുണ്ട്. അപ്പോള്‍, ഇനി വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടി സി.യു.സിങ് ആണ് കോടതിയിൽ ഹാജരായത്.

Related Articles

Post Your Comments

Back to top button