

ഡ്രൈവിങ് ലൈസൻസുകൾ ഇനി രാജ്യത്തെവിടെയും പുതുക്കാനാകും. ഇതിനുളള പുതിയ സംവിധാനമായ ‘സാരഥി’ നിലവിൽ വന്നു. ലൈസന്‍സെടുത്ത ഓഫീസില്‍ത്തന്നെ അപേക്ഷ നല്‍കണമെന്ന പഴയ നിബന്ധന ഇതോടെ അവസാനിക്കുകയാണ്. സാരഥിയില്‍ ഉള്‍ക്കൊള്ളിച്ച ലൈസന്‍സുകള്‍ക്ക് സംസ്ഥാനത്ത് ഏത് ഓഫീസിലും അപേക്ഷ സ്വീകരിക്കുന്നതിനായി ഒരു കേന്ദ്രീകൃത നമ്പർ സംവിധാനം നിലവില്‍വന്നു. മുന്‍പ് മോട്ടോര്‍വാഹനവകുപ്പിന്റെ ഓരോ ഓഫീസുകളും വെവ്വേറെ സീരിയല്‍ നമ്പറുകളിലാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഇനി മുതല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ കൈവശമുള്ള ലൈസന്‍സ് സംബന്ധമായ ഡേറ്റ രാജ്യത്തെവിടെയും ഓണ്‍ലൈനില്‍ ലഭിക്കുന്നതാണ്.
സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ സാരഥിയില്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞു. ഇനിയുള്ളത് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ലൈസന്‍സ് വിവരങ്ങളാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലത്തെ ഓഫീസുകളില്‍ അപേക്ഷിക്കാം. സംസ്ഥാനത്തുകിട്ടുന്ന എല്ലാ സേവനങ്ങളും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാവും. വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈനില്‍ ലൈസന്‍സ് പുതുക്കാം. സംസ്ഥാനത്തെ അതിഥിതൊഴിലാളികള്‍ക്കും അവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇവിടെ അപേക്ഷിക്കാം. എല്ലാസംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാരഥിയില്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുണ്ട്. അതേ സമയം, ഇതരസംസ്ഥാനങ്ങളില്‍ മോട്ടോര്‍വാഹനനിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഓണ്‍ലൈനില്‍ വരും. പിഴയടയ്ക്കാതെ മറ്റുസേവനങ്ങള്‍ തുടർന്ന് ലഭ്യമാകില്ല. ഏതുസംസ്ഥാനത്തേക്കും പിഴ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതുമാണ്. വാഹനവിവരങ്ങള്‍ പൂര്‍ണമായും വാഹന്‍ എന്ന സോഫ്റ്റ്‌വെയറിലേക്ക് ആദ്യഘട്ടത്തില്‍ മാറിയിരുന്നു. ലൈസന്‍സിന്റെ ആദ്യ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡാണ്. പിന്നീടുള്ള രണ്ട് അക്കങ്ങള്‍ ഓഫീസ് കോഡ്. അടുത്ത നാല് അക്കങ്ങള്‍ ലൈസന്‍സ് വിതരണംചെയ്ത വര്‍ഷവും. അടുത്ത ഏഴ് അക്കങ്ങള്‍ ലൈസന്‍സിന്റെ നമ്പർ. ഇപ്പോള്‍ പരമാവധി നാല് അക്ക നമ്പറുകളാണുള്ളത്. ഇവ ഏഴക്കം ആക്കാന്‍ തുടക്കത്തില്‍ പൂജ്യം ഉപയോഗിച്ചാൽ മതിയാകും.
Post Your Comments