സിപിഎം പ്രവർത്തകന്റെ മരണകാരണം പോലീസ് മർദ്ദനമെന്നു ബന്ധുക്കൾ,
KeralaNewsCrime

സിപിഎം പ്രവർത്തകന്റെ മരണകാരണം പോലീസ് മർദ്ദനമെന്നു ബന്ധുക്കൾ,

നാല് മാസം മുൻപ് പോലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായതിനാലാണ് മകൻ കുഴഞ്ഞു വീണു മരിച്ചതെന്ന പരാതിയുമായി ബന്ധുക്കൾ. പത്തനംതിട്ട ജില്ലയിലെ അടൂരിലാണ്, പോലീസ്‌ മർദ്ദനത്തെ തുടർന്ന് യുവാവ്‌ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. അടൂരിലെ സിപിഎം സജീവ പ്രവർത്തകനായിരുന്ന ജോയലാണ് മെയ് 22ന് കുഴഞ്ഞുവീണു മരിക്കുന്നത്. നിസാര കേസിനു കസ്റ്റഡിയിലെടുത്ത ജോയലിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും 4 മാസത്തിനു ശേഷം മകൻ കുഴഞ്ഞു വീണു മരിച്ചതിനു കാരണം അതാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂർ പോലീസ്‌ സ്റ്റേഷനിലെ പോലീസുകാരെയാണ് മകന്റെ മരണത്തിനു ഉത്തരവാദികളായി ബന്ധുക്കൾ കുറ്റപ്പെടുത്തുന്നത്.

ജനുവരി ഒന്നിനാണ് അടൂരിലെ സിപിഎം സജീവ പ്രവർത്തകനായിരുന്ന ജോയലിനെ നിസാര കേസിനു പോലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്. നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ഇത്. സ്റ്റേഷനിലേക്ക് കൊണ്ടുപോയ മകനെ പോലീസ്‌ പ്രകോപനമില്ലാതെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ചെന്ന പിതാവിനെയും പിതൃസഹോദരിയെയും പോലീസ് മർദ്ധിച്ചു. ഇനിയും അടിക്കരുതെന്നും ഇടിക്കരുതെന്നും പറഞ്ഞ പിതാവിനെ തൂക്കിയെടുത്ത് പുറത്തെറിഞ്ഞു. മർദ്ദന സംഭവത്തിന് ശേഷം, ഇത് സംബന്ധിച്ചു പരാതി നൽകിയാൽ ഇനിയും കസ്റ്റഡിയിലെടുക്കുമെന്നും മർദ്ദിക്കുമെന്നും സിഐ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് നാല് മാസത്തിനു ശേഷം ഇക്കഴിഞ്ഞ മെയ് 22ന് യുവാവ് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു അസുഖങ്ങളൊന്നുമില്ലാത്ത ജോയൽ മരിക്കാനിടയായത് പോലീസ് മർദ്ദനം ഏൽപ്പിച്ച ശാരീരിക ആഘാതമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് മര്‍ദ്ദനത്തിന് ശേഷം മകന്‍ തങ്ങളറിയാതെ നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു എന്ന കാര്യവും അവന്‍റെ മരണശേഷമാണ് അറിഞ്ഞതെന്നും പിതാവ് പറയുന്നുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോയലിന്റെ കുടുംബം മുഖ്യമന്ത്രിക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും, പരാതി നൽകിയിട്ടുണ്ട്. ജോയലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കൃത്യമായ മരണകാരണം തങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ലെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ജോയലിനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തു അന്നുതന്നെ ജാമ്യത്തിൽ വിട്ടിരുന്നു എന്നുമാണ് അടൂർ പോലീസ് ഇത് സംബന്ധിച്ചു വിശദീകരണം. വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നതിനു പിന്നിൽ മറ്റു താല്പര്യങ്ങളുണ്ടാ വാമെന്നും പോലീസ് ആരോപിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button