സുരേഷ്‌ഗോപി അപൂര്‍വ്വ ജനസ്സാണ്, സിനിമ ലോകത്തെ നന്മമരം.
NewsEntertainment

സുരേഷ്‌ഗോപി അപൂര്‍വ്വ ജനസ്സാണ്, സിനിമ ലോകത്തെ നന്മമരം.

മലയാള സിനിമയിലെ അപൂര്‍വ്വ ജനസ്സാണ് സുരേഷ്‌ഗോപി എന്നു സംവിധായകന്‍ ആലപ്പി അഷറഫ്. ഒരിക്കല്‍ പോലും സ്വന്തം പ്രതിഛായ വര്‍ദ്ധനക്കായി സുരേഷ് ഗോപി ചെയ്യുന്ന നന്മകൾ വിളിച്ചുപറയാറില്ല, ഇതുവരെ വിളിച്ചുപറഞ്ഞിട്ടുമില്ല. സിനിമാലോകത്തെ ആ നന്മ മരത്തെ അറിയണം. ആ നന്മ നിറഞ്ഞ മനസ്സിനെ.., ആലപ്പി അഷറഫ് മനസ്സ് തുറക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,

മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോട് പലയുരുആരാഞ്ഞിട്ടുണ്ടു്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം. ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാന്‍ വിശകലനം ചെയ്യുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല.

ആ മനുഷ്യ സ്‌നേഹിയുടെ സ്‌നേഹലാളനകള്‍ ജീവിതയാതനകളുടെ ചരിത്രമുള്ളവര്‍ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റില്‍ സ്പര്‍ശിക്കാത്ത ഉപദേശികളും വിമര്‍ശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവന്‍ കാഴ്ചവെച്ചിട്ടുള്ളത്. അകാലത്തില്‍ പൊലിഞ്ഞ പൊന്നുമകള്‍ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ച്‌നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.
എന്‍ഡോസല്‍ഫാന്‍ ദുരിതത്തിലാഴ്ത്തിയവര്‍ക്ക് തല ചായ്ക്കാന്‍ 9 പാര്‍പ്പിടങ്ങളാണ് സുരേഷ് ഗോപി നിര്‍മ്മിച്ച്‌ നല്കിയത്. പൊതു സമൂഹം അന്യവല്‍ക്കരിച്ച മണ്ണിന്റെ മക്കളായ ആദിവാസികള്‍ക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരന്‍ സുരേഷ് ഗോപി തന്നെയാണ്.

അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിന്‍ചുവട് ആദിവാസി ഊരുകളില്‍ ഈ പ്രേംനസീര്‍ ആരാധകന്‍ നിര്‍മ്മിച്ച്‌ നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തില്‍ നിന്നുമാണന്ന് ഓര്‍ക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാല്‍നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാല്‍ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേര്‍ക്കുണ്ടു് ഈ മഹത്വം. എന്നാല്‍ ഒരിക്കല്‍ പോലും സ്വന്തം പ്രതിഛായ വര്‍ദ്ധനക്കായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങള്‍ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.

പ്രിയനടന്‍ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീര്‍ത്തും അനാഥമായിപ്പോയി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളും ഒപ്പം രണ്ടു ആണ്‍കുട്ടികളും. വന്‍ സാമ്പത്തിക ബാധ്യത മുന്നില്‍ നില്‍ക്കെയായിരുന്നു രതീഷിന്റെ മടക്കം. തേനിയില്‍ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തു. തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവര്‍ക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും ചേര്‍ന്നാണ്. കുട്ടികളുടെ പഠനവും പെണ്‍കുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്‌നേഹിതന്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവന്‍ സ്വര്‍ണ്ണം.

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തില്‍ പൂത്തുലഞ്ഞ പൂക്കളില്‍ ചിലത് മാത്രമാണ്. അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവര്‍ കണ്ണുണ്ടങ്കില്‍ കാണട്ടെ കാതുണ്ടങ്കില്‍ കേള്‍ക്കട്ടെ. കുചേലന്‍ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കില്‍ സുരേഷ് ഗോപി തെരുവില്‍ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന് ‌ഉടമ. മലയാള സിനിമയിലെ അപൂര്‍വ്വ ജനസ്സ്. ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീര്‍ തുടച്ച്‌ നീക്കിയത്, മുന്നര സെന്റും വീടും വാങ്ങി നല്‍കിയാണ്. എന്തിന് ആലപ്പുഴ ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.ആരിഫിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.

ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിന്റെ മനുഷ്യ സ്‌നേഹത്തിന് മാനദണ്ഡമല്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയില്‍ സുരേഷിന് അര്‍ഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. ഗള്‍ഫില്‍ ഒരു പ്രോഗ്രമില്‍ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താല്‍ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുന്‍പൊരിക്കല്‍ സുരേഷ് ഗോപിക്ക് . ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരില്‍ നിന്നുമുണ്ടായി .പക്ഷേ നടപടികള്‍ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാന്‍ പറ്റാത്ത സംഘടനയുടെഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയര്‍ത്തി സുരേഷ്. തന്നില്‍ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ചു. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. എന്നാല്‍ ആടുജീവിത സിനിമാ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോര്‍ദ്ദാന്‍ അംബാസിഡറെ നേരില്‍ വിളിച്ച്‌ സഹായങ്ങള്‍ ഏര്‍പ്പാട് ചെയ്തത് സുരേഷിന്റെ പദവിയുടെ പിന്‍ബലത്തിലായിരുന്നു. പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടു് എന്നാല്‍ വിമര്‍ശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്. ഇത്ര അധികം നന്മകള്‍ ചെയ്തിട്ടുള്ള ഒരാള്‍ ഇത്ര അധികം വിമര്‍ശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുന്‍പ് എനിക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല.

ഇത് കുടി പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു. പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയില്‍ ഞാനില്ല. പക്ഷേ താങ്കളുടെ നന്മകള്‍ അത് കണ്ടില്ലന്നു നടിക്കാന്‍ എനിക്കാവില്ല. എന്റെയും രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അങ്ങേക്ക് ഭാവുകങ്ങള്‍ നേര്‍ന്ന്… ആലപ്പി അഷറഫ്.

Related Articles

Post Your Comments

Back to top button