സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി, ഇളയുടെ മൃതദേഹം കിട്ടി, ദുരൂഹത ബാക്കി.
NewsKerala

സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി, ഇളയുടെ മൃതദേഹം കിട്ടി, ദുരൂഹത ബാക്കി.

വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. സെക്രട്ടറിയേറ്റിലെ റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്നത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റിൽ നിന്നാണ് തുടർച്ചയായി രണ്ടാം ദിവസത്തെ തിരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്താനായത്. വെള്ളിയാഴ്ച ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും തിരച്ചിലിനെ ബാധിക്കുന്നതായി അഗ്നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. തദ്ദേശവാസികളായ മുങ്ങല്‍ വിദഗ്ധര്‍ രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു.
സെക്രട്ടേറിയേറ്റിലെ റിക്കോർഡ്സ് വിഭാഗം അണ്ടർ സെക്രട്ടറിയായ ഇള ദിവാകറിനെ വെള്ളിയാഴ്ച രാവിലെ ആറുമണി മുതലാണ് കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തു നിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞിരുന്നു. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരണത്തിൽ ദുരൂഹത ബാക്കിയാവുകയാണ്. അതേസമയം, ആത്മഹത്യ ചെയ്യാനുണ്ടായ കാരണവും പോലീസ് അന്വേഷിച്ചു വരുകയാണ്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എഞ്ചിനീയര്‍, പാലച്ചിറ), അദീന ലൈജു (പ്ലസ്ടു വിദ്യാര്‍ഥിനി).

Related Articles

Post Your Comments

Back to top button