സ്നേഹഭൂമിയിൽ 6 സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 'ഹർഷം',56 കുടുംബങ്ങൾക്ക് കിടപ്പാടം.
NewsKerala

സ്നേഹഭൂമിയിൽ 6 സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ‘ഹർഷം’,56 കുടുംബങ്ങൾക്ക് കിടപ്പാടം.

മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ്, വയനാട് ജില്ലയിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് രണ്ടു കോടി ചിലവഴിച്ചു വാങ്ങിനൽകിയ ഏഴ് ഏക്കർ സ്നേഹഭൂമിയിൽ 6 സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഹർഷം പദ്ധതിക്ക് തുടക്കം കുറിച്ചു. പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹർഷം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 56 കുടുംബങ്ങൾക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിൽ വീടും മറ്റു സൗകര്യങ്ങളും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുക്കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് ഏഴ് സെൻറ് ഭൂമി ലഭിക്കും വിധമാണ് നിർമാണം. ഒരു വീടിന് 6.5 ലക്ഷം രൂപയാണ് ചെലവ്. നാല് ലക്ഷം രൂപ സർക്കാർ നൽകും. ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തും. നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാർ സഹായത്തോടൊപ്പം വിവിധ സന്നദ്ധസംഘടനകൾ സ്ഥാപനങ്ങൾ എന്നിവയുടെ സ്‌പോൺസർഷിപ്പോടെയാണ് വീടുകൾ പണിയുന്നത്.

മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റിൻറെ സ്‌പോൺസർഷിപ്പോടു കൂടിയാണ് ‘സ്‌നേഹ ഭൂമി’ എന്ന പേരിൽ ഏഴ് ഏക്കർ സ്ഥലം പദ്ധതിക്കായി വാങ്ങിയത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ വിലവരുന്ന ഈ സ്ഥലം മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങി നൽക്കുകയായിരുന്നു. ഈ പദ്ധതിയുമായി സഹകരിക്കാൻ 6 സന്നദ്ധ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇവരിൽ നിന്നും മുഴുവൻ വീടുകളും നിർമിക്കാനാവശ്യമായ സ്‌പോൺസർഷിപ്പ് ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതിനാൽ നിർമാണത്തിൽ കാലതാമസുണ്ടാകില്ല എന്നും മുഖ്യൻ പറഞ്ഞു.
വീടുകൾക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള എല്ലാ സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും. കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം കുടിവെളള സംവിധാനം തുടങ്ങി മാതൃകാ ഗ്രാമത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയൊരുക്കും. ഒന്നിച്ചുനടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയിൽ ഒരു മാതൃകാഗ്രാമമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായ 43 പേർക്ക് സർക്കാരിൻറെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മറ്റു പ്രദേശങ്ങളിൽ താമസസൗകര്യം ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നു മുഖ്യ മന്ത്രി പറഞ്ഞു. ബാക്കിയുള്ള 56 പേർക്കാണ് കോട്ടപ്പടിയിൽ മാതൃകാഗ്രാമം ഒരുങ്ങുന്നത്. റീബിൽഡ് കേരളയുടെ ഭാഗമായാണ് റീബിൽഡ് പുത്തുമല ആവിഷ്‌കരിച്ചത്. അതിലെ ആദ്യ പദ്ധതിയാണ് ഹർഷം.
ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനും അടിയന്തര ആശ്വാസം എത്തിക്കുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് വലിയ പങ്കുവഹിച്ചു. വീട് നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവർക്ക് 6 മാസത്തെ വീട്ടുവാടക നൽകുന്നതിനും അവർക്ക് കാർഷികവൃത്തിക്ക് സ്ഥലം കണ്ടെത്തി നൽകുന്നതിനും മുൻകൈയെടുത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Related Articles

Post Your Comments

Back to top button