

കോവിഡ് പ്രതിരോധ നടപടികളിൽ സർക്കാർ അവകാശവാദങ്ങളിൽ 10 ശതമാനം മാത്രമേ കഴമ്പുള്ളുവെന്നും, ബാക്കി 90 ശതമാനവും തള്ള് മാത്രമാണെന്നും,വി ടി ബല്‍റാം എംഎൽഎ. വൈറസിനെതിരായ പ്രവർത്തനങ്ങളിലുള്ള സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളു ബാക്കി 90 ശതമാനവും തള്ള് മാത്രമാണെന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികൾക്ക് ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ സൗകര്യം നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ് എന്ന് കേൾക്കുന്നു. തുറന്ന് സമ്മതിക്കുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ സമീപനം തന്നെയാണ് സർക്കാർ തുടർന്നു പോരുന്നത്.
വീട്ടിലേക്ക് പോവാൻ ഒരു നിവൃത്തിയുമില്ലാത്തവരെ സർക്കാർ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. നിലവിൽത്തന്നെ പരമാവധി ആളുകളെ ഹോം ക്വാറൻ്റീനിലേക്ക് സർക്കാർ നിർബ്ബന്ധിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് സർക്കാരിൻ്റെ ഈ നീക്കം അപകടകരമായി മാറുമെന്ന ശക്തമായ ആശങ്ക ആരോഗ്യ വിദഗ്ദർക്കിടയിൽ ഉയർന്നിട്ടുണ്ട്. സാമൂഹ്യ വ്യാപന സാധ്യത വർദ്ധിച്ചു വരുന്ന ഈ ദിവസങ്ങളിൽ സർക്കാർ വക ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ സൗകര്യങ്ങൾ നിർത്തലാക്കി/ പരിമിതപ്പെടുത്തി എല്ലാവരേയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു
Post Your Comments