ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്ന് അഞ്ജുവിന്റെ അച്ഛന്‍ ഷാജി.
KeralaNews

ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്ന് അഞ്ജുവിന്റെ അച്ഛന്‍ ഷാജി.

കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജ് അധികൃതരുടെ വാദങ്ങള്‍ അഞ്ജു ഷാജി കുടുംബം തള്ളി . അഞ്ജു ഷാജി കോപ്പിയടിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും കോളജ് അധികൃതര്‍ കാണിച്ച ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും അച്ഛന്‍ ഷാജി ആരോപിച്ചു. കോളജ് പ്രിന്‍സിപ്പലും അധ്യാപകരും അഞ്ജുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയത്. കാരണക്കാരായ പ്രിന്‍സിപ്പലിനേയും അധ്യാപകനേരയും ഉടൻ അറസ്റ്റു ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.

കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യത്തില്‍ കൃത്രിമം നടന്നു. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യം തങ്ങളെ കാണിച്ചപ്പോള്‍ അഞ്ജുവിനെ പ്രിന്‍സിപ്പല്‍ വഴക്കുപറയുന്നത് കാണാമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യത്തില്‍ അത് ഉണ്ടായിരുന്നില്ല. മകളെ കാണാതെ അന്വേഷിച്ചെത്തിയ തന്നോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയിരുന്നു. ഹാള്‍ ടിക്കറ്റ് പരിശോധിച്ച ശേഷം ഹാളില്‍ കയറുന്ന കുട്ടി പിന്നെയെങ്ങനെ കോപ്പി എഴുതും. നല്ല മാര്‍ക്ക് വാങ്ങി ജയിക്കുന്ന അഞ്ജുവിന് കോപ്പിയടിക്കേണ്ട കാര്യമില്ല. കുടുംബം പറഞ്ഞു. അഞ്ജു ഹാളില്‍ നിന്ന് ഇറങ്ങി പ്രിന്‍സിപ്പലിന്റെ അടുക്കലെത്താതെ പോയപ്പോള്‍ കോളജ് അധികൃതര്‍ യാതൊന്നും ചെയ്തില്ല. അപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നുവെങ്കില്‍ മകളെ മരിക്കുന്നതിനു മുന്‍പ് കണ്ടെത്തുകയും, രക്ഷിക്കുകയൂം ചെയ്യാമായിരുന്നു. തങ്ങള്‍ ചോദിച്ചപ്പോള്‍ ഹാള്‍ടിക്കറ്റ് പോലീസ് കൊണ്ടുപോയി എന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്. പിന്നീട് എങ്ങനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിക്കുന്നതിനായി അവർക്ക് കിട്ടി. കുടുംബം ചോദിക്കുന്നു.

ഇതിനിടെ, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം, അഞ്ജുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ കയറിയ ബന്ധുക്കളെ പോലീസ് ഇറക്കിവിട്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അഞ്ജുവിന്റെ കുടുംബം,മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. അഞ്ജുവിന്റെ മരണത്തില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കോപ്പിയടി കേസില്‍ കോളജ് അധികൃതര്‍ സ്വീകരിക്കേണ്ട നടപടികള്‍ പാലിച്ചോയെന്ന് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ഗരേഖ പരിശോധിച്ച്‌ വിലയിരുത്തും. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല എന്നതടക്കം കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജ് അധികൃതർ സംഭവത്തിൽ തങ്ങൾക്ക് വന്ന ഗുരുതരമായ പിഴവ് അടക്കാനാണ് ശ്രമിച്ചുവരുന്നത്.

Related Articles

Post Your Comments

Back to top button