രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടയക്ക വളര്‍ച്ചയ്ക്ക് തയ്യാറായെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ തയ്യാറായെന്ന്് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു. കോവിഡ് മഹാമാരി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വളരെ പ്രതികൂലമായി ബാധിച്ചെന്നും ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം കോവിഡ് തരംഗത്തില്‍ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കല്‍ വളരെ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം മുണ്ടാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം രണ്ട് കോവിഡ് തരംഗങ്ങളെ അഭിമുഖീകരിച്ചിട്ടുളളതിനാല്‍ ഇനിയൊരു തരംഗം കൂടി ഉണ്ടായാല്‍ അതിനെ നേരിടാന്‍ നാം സജ്ജമാണ്. നേരത്തെയുണ്ടായ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ ദുര്‍ബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ്‌വ്യവസ്ഥയെ ബാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് മുന്‍ തരംഗങ്ങളില്‍ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.