പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ്
ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില കുറച്ച് പഞ്ചാബ് സര്‍ക്കാര്‍. പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് സര്‍ക്കാര്‍ കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചിരുന്നു.
മാത്രമല്ല എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഈ തീരുമാനം അനുസരിച്ചു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പെട്രോള്‍-ഡീസല്‍ വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.
എന്‍ഡിഎ ഇതര സംസ്ഥാനങ്ങളില്‍ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവര്‍ധിത നികുതി കുറക്കാന്‍ തയ്യാറായത്. ഞായറാഴ്ച നടക്കുന്ന അടുത്ത മന്ത്രിസഭ യോഗത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പഞ്ചാബ് ധനകാര്യ-നികുതി മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.