ജസ്റ്റിസ് സുനില്‍ തോമസ് അടക്കം കേരള ഹൈക്കോടതിയിലെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയെങ്കിലും ഹൈക്കോടതി അടക്കില്ല.

ജസ്റ്റിസ് സുനില്‍ തോമസ് അടക്കം കേരള ഹൈക്കോടതിയിലെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്നാണ് തീരുമാനം. ജീവനക്കാർ കുറവായ സാഹചര്യത്തിൽ പരിഗണിക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കും. ഭരണ നിര്‍വഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. അടിയന്തര യോഗം ചേര്‍ന്നാണ് കോടതി അടച്ചിടേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.
കോവിഡ് പോസിറ്റീവായിട്ടുള്ള ഒരു പൊലീസുകാരന്‍ ഹൈക്കോടതിയിലെത്തിയതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്.
കേസ് മൊത്തത്തില്‍ പരിഗണിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. അതേസമയം, അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിര്‍ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവയ്ക്കുകയായിരിക്കും ചെയ്യുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമാണ്, പൂര്‍ണമായി അടച്ചിടേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായത്.