GulfKerala NewsNewsWorld

പ്രവാസികൾക്ക് കോവിഡ്-19 ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ്, നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ലംഘനം.

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ലംഘനം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വൈദ്യപരിശോധന ഏര്‍പ്പെടുത്തിയ കേന്ദ്രനിലപാട് തെറ്റാണെന്നു നിയമസഭ മാര്‍ച്ച് 12നാണ് പ്രമേയം പാസാക്കിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന ഇറക്കുന്നത്.
പ്രവാസികളുടെ മടങ്ങിവരവിന് വലിയൊരളവിൽ തടസമുണ്ടാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭ ഏക കണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു. ഈ പ്രമേയത്തിന്റെ ലംഘനമാണ് പുതിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ചാർട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഏറെപ്പേർക്ക് വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇത്ര കാലം കാത്തിരുന്നു എങ്ങനെയും ഒന്ന് വീട്ടിലെത്താൻ വേണ്ടി മറ്റുള്ളവരുടെ ഔദാര്യം കൊണ്ട് ഫ്ലൈറ്റ് ടിക്കറ്റ് വരെ ബുക്ക് ചെയ്തുകഴിഞ്ഞ ആയിരകണക്കിന് പ്രവാസികളുടെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടിരിക്കുന്നത്.
പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടി നൽകേണ്ടി വരുക എന്നതും, സർട്ടിഫിക്കറ്റുകൾ വാങ്ങി ബുക്ക് ചെയ്ത ഫ്ലൈറ്റുകളിൽ തന്നെ വരാൻ കഴിയുമോ എന്ന ആശങ്കയിലുമാണ് പ്രവാസികളിൽ ഏറെയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button