“കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് സമാധാനപരമായ സമരത്തെ തകർക്കാനാണ് സർക്കാരിന്റെ ശ്രമം”: പ്രതിപക്ഷത്തിരുന്നപ്പോൾ കർഷക സമരത്തെ അനുകൂലിച്ച് വാജ്പേയി; പഴയ വിഡിയോ പങ്കുവെച്ച് പ്രശാന്ത്ഭൂഷൺ

ന്യു ഡെൽഹി: കർഷക സമരത്തെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയി സംസാരിക്കുന്ന വീഡിയോ പങ്ക്വെച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പുറത്തുവിട്ടു. 1980ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ കർഷകരുടെ പ്രതിഷേധ പരിപാടിയെ വാജ്പേയി അഭിസംബോധന ചെയ്യുന്നതിൻറെ പഴയ വിഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്.
രാജ്യത്തെ പരുത്തി, ചണം കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചാണ് വാജ്പേയി വിഡിയോയിൽ സംസാരിക്കുന്നത്. പരുത്തി കർഷകർ വർഷങ്ങളായി പ്രതിസന്ധിയിലാണ്. പക്ഷേ, വസ്ത്രങ്ങളുടെ വില മൂന്നിരിട്ടിയായി ഉയർന്നു. പരുത്തിക്ക് സർക്കാർ വില നിശ്ചയിച്ചു. പക്ഷേ, പരുത്തി ഉൽപാദിപ്പിക്കാനുള്ള ചെലവിനേക്കാൾ കുറവാണ് ഈ വില. വിളകളുടെ വില നിശ്ചയിക്കുകയും അത് വാങ്ങാതിരിക്കുകയും ചെയ്യുന്ന സർക്കാറിൻറെ രീതി വിമർശിക്കപ്പെടേണ്ടതാണ്. മതിയായ സംഭരണ ശേഷിയുടെ അഭാവത്തിൽ ചെറുകിട കർഷകർക്ക് അവരുടെ വിളകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരത്തിൽ പ്രതിഷേധിക്കേണ്ടി വരുന്നതെന്നും വാജ്പേയി പറയുന്നുണ്ട്.
മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കർഷകർ നീതി തേടിയുള്ള പോരാട്ടത്തിലാണ്. കർഷകർക്കെതിരായ നിലപാട് തിരുത്തണമെന്ന് ഞാൻ സർക്കാറിന് മുന്നറിയിപ്പ് നൽകുകയാണ്. അവരെ പറ്റിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. കർഷകർ ഭയന്ന് പിന്മാറില്ല. ഞങ്ങൾ കർഷകരുടെ ന്യായമായ അവകാശത്തെ പിന്തുണക്കുന്നു. കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്ത്, ബലം പ്രയോഗിച്ച്, സമാധാനപരമായ സമരത്തെ തകർക്കാനാണ് സർക്കാറിൻറെ നീക്കമെങ്കിൽ കർഷകർക്കൊപ്പം അണിനിരക്കാൻ ബി.ജെ.പി മടിക്കില്ല. തങ്ങൾ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുമെന്നും വാജ്പേയി പറയുന്നുണ്ട്.
ഇപ്പോൾ ബി.ജെ.പി ഭരണപക്ഷത്ത് ഇരിക്കുമ്പോൾ കർഷക പ്രതിഷേധത്തോട് സ്വീകരിക്കുന്ന നിലപാടും അന്ന് പ്രതിപക്ഷത്തിരുന്ന വാജ്പേയി സ്വീകരിച്ച നിലപാടും തമ്മിലുള്ള വൈരുദ്ധ്യം സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്.