റെയിൽവേ പാർക്കിങ് കേന്ദ്രത്തിലെ കഞ്ചാവ് ലോബി 10 കിലോ കഞ്ചാവുമായി പിടിയിലായി.

റെയിൽവേ പാർക്കിങ് കേന്ദ്രം കേന്ദ്രീകരിച്ചു വ്യാവസായികാടി സ്ഥാനത്തിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന രണ്ടു പേർ ഡാൻസാഫ് സ്ക്വാഡിന്റെ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി കടത്തിക്കൊണ്ടു വന്ന 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ ആണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പിടിയിലായത്. ഒറ്റപ്പാലം, ചുനങ്ങാട് സ്വദേശികളായ പ്രമോദ് 31, ഗുണ്ടു സുര എന്ന സുരേഷ് കുമാർ 32 എന്നിവരെയാണ് ഒറ്റപ്പാലം,അമ്പലപ്പാറ റോഡിലെ ചുനങ്ങാട് പരിസരത്ത് വെച്ച് പിടികൂടിയത്. പിടിയിലായ സുരേഷ് നേരത്തെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ്. 10 ദിവസം മുമ്പാണ്ജാമ്യത്തിലിറങ്ങിയത്. പ്രമോദ് റെയിൽവേ പാർക്കിംഗ് കോൺട്രാക്ടറാണ്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പോലീസും സംയുക്കമായി നടത്തിയ പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.
ഇവർ സഞ്ചരിച്ച സ്കൂട്ടറിലാണ് ചാക്കിലാക്കായ നിലയിൽ 9.650 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് 10 ലക്ഷം രൂപ വിലവരും. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരവെയാണ് കഞ്ചാവ് പിടികൂടാനായത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നിന്നുമാണ് പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അറിവായിട്ടുണ്ട്. ഒറ്റപ്പാലം,ഷൊർണ്ണൂർ ,പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടു പോകുന്ന കഞ്ചാവാണ് പിടികൂടിയത്. ലോക് ടൗൺ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വിലഇരട്ടിയിലധികമാവുകയും ചെയ്തു. മീൻ , പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
പ്രതികളെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കും. ഒറ്റപ്പാലം സി ഐ .എം .സുജിത്ത്, എസ് ഐ .അനീഷ് , എ എസ് ഐ. രമേശ്, ഡബ്ലിയൂ എസ് പി ഓ രജിത, സി പി ഓ റഫീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് .ജലീൽ, സുനിൽ കുമാർ റ്റി ആർ, കിഷോർ.ആർ , വിജയാനന്ദ്. സി , അഹമ്മദ് കബീർ.കെ , ആർ . വിനീഷ്, ആർ . രാജീദ്, എസ് . ഷനോസ്, എസ് . ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ടയിൽ പങ്കാളികളായത്.