
സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിർണ്ണായകമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളുടെ മൗലികാവകാശത്തില്‍ മാത്രമാണ് ഹരജിക്കാര്‍ക്ക് താല്‍പര്യമെന്ന് പറഞ്ഞ കോടതി സംവരണ നിഷേധം മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹരജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ തുടർന്ന് നിര്‍ദേശം നല്‍ക്കുകയായിരുന്നു. ജസ്റ്റിസ് എല്‍.നാഗേശ്വര റാവും, കൃഷ്മ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വൈക്കോ, അന്‍പുമണി രാംദാസ്, രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെ, സി.പി.ഐ.എം, തമിഴ്നാട് കോണ്‍ഗ്രസ്, സി.പി.ഐ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നീക്കിവെക്കാതെ യു.ജി, പി.ജി മെഡിക്കല്‍ വിഭാഗത്തിലെ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. തമിഴ്‌നാട് സംസ്ഥാന നിയമ പ്രകാരം 50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സംവരണം നടപ്പിലാക്കുന്നത് വരെ നീറ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.