NationalNews

സൈനിക കാന്റീനുകളില്‍ ഇനി സ്വദേശി മാത്രം, വിദേശി പുറത്ത്.

സൈനിക കാന്റീനുകളില്‍ ഇനി സ്വദേശി മാത്രമേ ഉണ്ടാവൂ. വിദേശിയെ കൂട്ടത്തോടെ സർക്കാർ പുറത്താക്കി വാതിലടച്ചു.
സ്വദേശി ഉത്പനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സായുധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഒഴിവാക്കി. കിന്‍ഡര്‍ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യൂറേക്ക ഫോര്‍ബ്സ്, അഡിഡാസ് ബോഡി തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങളെയാണ് പട്ടികയില്‍ നിന്ന് ‌ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കും.

കേന്ദ്ര സായുധ പോലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂണ്‍ ഒന്ന് മുതല്‍ തദ്ദേശീയ ഉത്പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. സിആര്‍പിഎഫ്, ബിഎസ്‌എഫ്, ഐടിബിപി, സിഐഎസ്‌എഫ്, എസ്‌എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളായിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പ്പന്നങ്ങള്‍ മാത്രമേ ജൂണ്‍ ഒന്ന് മുതല്‍ സായുധ പോലീസ് സേന കാന്റീനുകള്‍ വഴി വില്‍ക്കുകയുള്ളൂയെന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് അയച്ച കത്തില്‍ കെപികെബി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ഉത്പ്പന്നം തിരിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കമ്പനികൾ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ ഉല്‍പ്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി 1ല്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2ല്‍ അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തതും എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതോ കൂട്ടിച്ചേര്‍ത്തതോ ആയ ഉത്പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3ല്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളും. കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉത്പ്പന്നങ്ങള്‍ വില്‍പനക്ക് അനുവദിക്കും. കാറ്റഗറി 3ന് കീഴിലുള്ള ഉത്പ്പന്നങ്ങള്‍ ഡി ലിസ്റ്റ് ചെയ്യപ്പെടുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ ഇവയുടെ വില്‍പ്പന കാന്റീനുകളില്‍ അനുവദിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button