അട്ടപ്പാടിയില്‍ ഒമ്പത് വര്‍ഷത്തിനിടെ 121 ശിശുമരണം: പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലയില്‍ നവജാതശിശുക്കളുടെ മരണത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
പാലക്കാട് ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, അഗളി ഐടിഡിപി പ്രൊജക്ട് ഓഫിസര്‍, പാലക്കാട് ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നും കുട്ടികളുടെ മരണം സംബന്ധിച്ചും പരിഹാര മാര്‍ഗങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അട്ടപ്പാടിയില്‍ രണ്ട് നവജാതശിശുക്കളും ആറ് വയസുള്ള ഒരു കുട്ടിയും മരിച്ച സംഭവത്തിലാണ് നടപടി. മാതൃശിശു സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനുമായി കോടികള്‍ ചിലവിടുന്ന അട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ അഞ്ചു കുട്ടികളും ഒരു അമ്മയുമാണു മരിച്ചത്.
ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയ്ക്ക് മന്ത്രി രാധാകൃഷ്ണനും നിര്‍ദേശം നല്‍കിയിരുന്നു. വീട്ടിയൂര്‍ ഊരിലെ സനീഷ്- ഗീത ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കതിരംപതി ഊരില്‍ അയ്യപ്പന്റെയും രമ്യയുടെയും മകള്‍ 10 മാസം പ്രായമായ അസന്യ ഇന്നലെ വൈകിട്ടാണു മരിച്ചത്.
കടുകുമണ്ണ ഗോത്ര ഊരിലെ ചെല്ലന്റെയും ജക്കിയുടെയും മകള്‍ ശിവരഞ്ജിനി (ആറ്) ഇന്നലെ രാത്രി ഒന്‍പതോടെയാണ് മരിച്ചത്. 23ന് അഗളി കൊറവന്‍കണ്ടി ഊരിലെ ബാലകൃഷ്ണന്റെയും തുളസിയുടെയും ആണ്‍കുഞ്ഞ് മരിച്ചിരുന്നു. അന്നുതന്നെ ഷോളയൂര്‍ തൂവ ഊരിലെ രാജേന്ദ്രന്‍ വള്ളി ദമ്പതികളുടെ 42 ദിവസം പ്രായമായ ആണ്‍കുട്ടി മരിച്ചു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഒമ്പത് ആദിവാസി ശിശുക്കളാണ് മരിച്ചത്.
ഔദ്യോഗിക കണക്കുകളനുസരിച്ച് ഒമ്പതു വര്‍ഷത്തിനിടെ 121 കുട്ടികളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്. എന്നാല്‍ വിവിധ സംഘടനകളും പഠനസംഘങ്ങളും പറയുന്നത് 153 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ഒമ്പതു കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കില്‍ അത് 12 പേരാണ്. ഒമ്പത് അമ്മമാരും മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
യുവതികളിലെയും ഗര്‍ഭിണികളിലെയും ഹീമോഗ്ലോബിന്റെ കുറവും കുട്ടികളിലെ തൂക്കക്കുറവും കണ്ടെത്തി ആവശ്യമായ ശുശ്രൂഷ നല്‍കാനും ഇവിടെ നടപടികളുണ്ടായിരുന്നു. അട്ടപ്പാടിമേഖലയില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഗര്‍ഭം അലസിയ മൊത്തം 360 കേസും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കിലോമീറ്ററുകള്‍ ദൂരെയുളള ഊരുകളിലെ സംഭവങ്ങളില്‍ പലതും റിപ്പോര്‍ട്ടുചെയ്യാതെ പോകുന്നതായും വിവരമുണ്ട്. ഇവരുടെ മോശം സ്ഥിതികണക്കിലെടുത്ത് പ്രത്യേക നടപടികളൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.