മുംബൈയില്‍ ബാര്‍ജ് മുങ്ങിയ സംഭവത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തി
മുംബൈയില്‍ ടൗടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് എണ്ണ കിണറില്‍ ഇടിച്ചു മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. ഹീര എണ്ണകിണറിനടുത്ത് അപകടത്തില്‍പ്പെട്ട പി- 305 എന്ന ബാര്‍ജില്‍ മലയാളികളുള്‍പ്പെടെ 273 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 184 പേരെ ചൊവ്വാഴ്ചയോടെ നാവികസേനയും തീരദേശ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ശേഷിച്ചവര്‍ക്കായുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 75 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഐ എന്‍ എസ് കൊച്ചി, ഐ എന്‍ എസ് കൊല്‍ക്കത്ത എന്നീ കപ്പലുകള്‍ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐ എന്‍ എസ് തേജ്, ഐ എന്‍ എസ് ബെത്‌വ, ഐ എന്‍ എസ് ബീസ് എന്നീ കപ്പലുകളും പി 8ക, സീകിങ് ഹെലോസ് എന്നിവയും ചേര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈ ഓഫ്‌ഷോര്‍ ഡെവലെപ്‌മെന്റ് ഏരിയയില്‍ മുംബൈ തീരത്ത് നിന്ന് 35 നോടികല്‍ മൈല്‍ അകലെയുണ്ടായിരുന്ന, ഒ എന്‍ ജി സിയ്ക്കായി പ്രവര്‍ത്തിക്കുന്ന, പി – 305 എന്ന ബാര്‍ജ് കനത്ത കടല്‍ക്ഷോഭത്തില്‍ മുങ്ങിയത്. ചുഴലിക്കാറ്റിനോടൊപ്പം 4 മീറ്ററിലധികം ഉയര്‍ന്ന തിരകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഓയില്‍ റിഗുകളിലൊന്നില്‍ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാര്‍ജുകളിലൊന്നില്‍ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
നിയന്ത്രണം നഷ്ടപ്പെട്ട് അറബിക്കടലില്‍ കിലോമീറ്ററുകളോളം ഒഴുകിനടന്ന് മഹാരാഷ്ട്രയിലെ പാല്‍ഗറിനടുത്ത് എത്തിയ മറ്റൊരു ബാര്‍ജായ ഗാള്‍ കണ്‍സ്ട്രക്ടറിലെ മലയാളികളടക്കമുള്ള 137 പേരെയും നാവികസേന ചൊവ്വാഴ്ച കരക്കെത്തിച്ചിരുന്നു.
ഇതിനിടെ ഗുജറാത്തില്‍ ആഞ്ഞടിച്ച ‘ടൗടെ’ ചുഴലിക്കാറ്റില്‍ 13 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 16,000-ത്തോളം ചെറുവീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. സൗരാഷ്ട്ര തീരത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യാനാണ് സാധ്യത.