കൊടുത്ത കൈയ്ക്ക് തിരിച്ചു കടിച്ചു; ഭീകരാക്രമണത്തില്‍ വലഞ്ഞ് പാക്കിസ്ഥാന്‍
കറാച്ചി: ഊട്ടിവളര്‍ത്തിയ ഭീകരര്‍ തന്നെ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ നിരോധിത സംഘടനയായ തെഹ്‌രീക്- ഇ- ലബ്ബായിക് പാക്കിസ്ഥാന്‍ (ടിഎല്‍പി) നടത്തിയ വെടിവയ്പില്‍ നാലു പോലീസുകാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്വന്തം ജനങ്ങള്‍ പട്ടിണികിടക്കുമ്പോഴും ഭീകരര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പോറ്റിവളര്‍ത്താനാണ് പാക്കിസ്ഥാന് എന്നും താത്പര്യം. പോലീസുകാരുള്‍പ്പെടെ ഇരുനൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പഞ്ചാബ് പ്രവിശ്യയിലായിരുന്നു ആക്രമണം. ആദ്യം എല്ലാ പ്രോത്സാഹനവും കൊടുത്ത് വളര്‍ത്തിയെങ്കിലും തങ്ങളുടെ കൈയില്‍ നില്‍ക്കില്ലെന്ന് കണ്ടതോടെ പാക്കിസ്ഥാന്‍ ടിഎല്‍പിയെ കൈവിടുകയായിരുന്നു. ഒടുവില്‍ നിരോധിക്കുകയും ചെയ്തു. എന്നാല്‍ നിരോധനമൊന്നും അവരെ കാര്യമായി ഏശിയിട്ടില്ല. മറ്റ് ഭീകരഗ്രൂപ്പുകളുടെ അത്ര വരില്ലെങ്കിലും ശക്തിയില്‍ ഒട്ടും കുറവില്ല. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ പോലീസിനെ ഇവര്‍ നേരിട്ടത് എകെ 47, അത്യന്താധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള പഴഞ്ചന്‍ തോക്കുകളുമായി എത്തിയ പോലീസുകാര്‍ക്ക് അവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനി ഉണ്ടാവാത്തത്. പ്രധാന പോലീസ് ഉദ്യോഗസ്ഥരെയാണ് ടിഎല്‍പി ലക്ഷ്യമിട്ടത്. ഇസ്ലാമാബാദിലേക്കുള്ള ടിഎല്‍പി അനുഭാവികളുടെ മാര്‍ച്ച് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പാര്‍ട്ടി മേധാവി സാദ് റിസ്വിയെ മോചിപ്പിക്കുക, ഫ്രഞ്ച് പ്രതിനിധിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള കാരികേച്ചറുകള്‍ പ്രസിദ്ധീകരിച്ചതാണ് ഫ്രാന്‍സിനോടുള്ള ടിഎല്‍പിയുടെ ശത്രുതയ്ക്ക് പ്രധാന കാരണം. ഫ്രാന്‍സില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായി നിരോധിക്കണമെന്നും ടിഎല്‍പി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാക് സര്‍ക്കാരിന് ടിഎല്‍പി രണ്ട് ദിവസത്തെ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്. ടിഎല്‍പി തങ്ങള്‍ക്ക് ശരിക്കും തലവേദനയായി മാറിയെന്ന് പാക് ആഭ്യന്തരമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.