സ്വർണ്ണ കള്ളക്കടത്ത്, 2ജി സ്പെക്ട്രം സ്റ്റയിലിൽ അന്വേഷണം, സിബിഐ, എൻഐഎ, കസ്റ്റംസ്/ഇഡി/ഡിആർഐ സംയുക്ത വേട്ട.
GulfNewsKeralaBusinessCrime

സ്വർണ്ണ കള്ളക്കടത്ത്, 2ജി സ്പെക്ട്രം സ്റ്റയിലിൽ അന്വേഷണം, സിബിഐ, എൻഐഎ, കസ്റ്റംസ്/ഇഡി/ഡിആർഐ സംയുക്ത വേട്ട.

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരിക്കുന്ന സ്വർണ്ണ കടത്ത് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചെക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്നതും, രാജ്യാന്തര തലത്തിൽ ബന്ധമുള്ളതും കൊണ്ട് എൻ.ഐ.എ കേസ് അന്വേക്ഷിക്കുമെന്നാണ് അറിയുന്നത്. സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ചാകും അന്വേഷണവും നടക്കുക. രാജ്യത്തെ 3 മുൻനിര കുറ്റാന്വേഷണ ഏജൻസികൾ ഒരേസമയം അന്വേഷണം നടത്തുമെന്ന വിവരമാണ് ഉള്ളത്. കള്ളക്കടത്തും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച അന്വേഷണം ഇപ്പോൾ നടന്നു വരുകയാണ്. ഇതിനൊപ്പം, രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ച് സിബിഐ, എൻഐഎ അന്വേഷണങ്ങൾ കൂടിയാണ് അന്വേഷണത്തിനെത്തുക. ആവശ്യമെങ്കിൽ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), ഇന്റലിജൻസ് ബ്യൂറോ (ഐബി), എന്നിവയുടെ സഹായം തേടും. 2ജി സ്പെക്ട്രം കുംഭകോണത്തിലാണ് സമാനമായ രീതിയിൽ കുറ്റാന്വേഷണം രാജ്യത്ത് നടന്നിട്ടുള്ളത്.

സാമ്പത്തിക കാര്യം സംബന്ധിച്ച അന്വേഷണത്തിൽ കസ്റ്റംസിനൊപ്പം ആവശ്യമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) റവന്യു ഇന്റലിജൻസും (ഡിആർഐ) ചേരും. മുഖ്യപ്രതി സ്വപ്ന സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന സ്പേസ് പാർക്കിൽ ജോലി ലഭിച്ച സാഹചര്യം അതീവഗൗരവത്തോടെയാണ് എൻഐഎ കാണുന്നത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗം നഷ്ടമായ ഉടൻ തന്നെ സംസ്ഥാന ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ കയറിപ്പറ്റിയതിനു പിന്നിൽ സ്വർണക്കടത്തു റാക്കറ്റ് നടത്തിയ ചരടുവലിയാണെന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. കുറ്റകൃത്യത്തിൽ ഉന്നതഉദ്യോഗസ്ഥർക്കുള്ള പങ്ക് സംബന്ധിച്ച് സിബിഐയും തെളിവു ശേഖരണം ആരംഭിച്ചിരിക്കുകയാണ്. കേസിൽ ഇപ്പോൾ ആരോപണ വിധേയരായവർക്ക്‌ പൊലീസിലെ മുതിർന്നവരുമായും ഐ.എ.എസ് ഉദ്യോഗസ്‌ഥന്മാരുമായും, ഉപദേഷ്ടാക്കളിലെ പ്രമുഖരുമായും പങ്കുണ്ടെന്ന തെളിവുകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്.

വിദേശ കാര്യ മന്ത്രാലയത്തിന്റെ ശുപാർശയിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചേക്കും. കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ ഉയർന്നിരിക്കുകയാണ്. ആവശ്യമായ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞാൽ അന്വേഷണ പ്രഖ്യാപനം ഉണ്ടാവുക. സി.ബി.ഐ അന്വേക്ഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതു തുടർ നടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നുണ്ട്. സംസ്ഥാന ബി.ജെ.പി ഘടകം കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തിയിരിക്കുകയായിരുന്നു. സാധാരണ സാമ്പത്തിക കുറ്റ കൃതങ്ങൾ പോലെ സ്വർണ്ണ കടത്തു മാറില്ലെന്ന ബി.ജെ.പി നേതാവ് സുരേന്ദ്രൻ ഇക്കാര്യത്തിൽ ചൊവ്വാഴ്ച സൂചന നൽകിയിരുന്നു.
രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെയും ഓഫീസ് കേന്ദ്രീകരിച്ചു ഇത്തരത്തിൽ രാജ്യന്തര ബന്ധമുള്ള കേസുകൾ ഉയർന്നിട്ടില്ല. കേരളത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സ്വർണ്ണ കടത്തും ഹവാല ഇടപാടും നടക്കുന്നതായി നേരത്തെ തന്നെ ഡി.ആർ .ഐ ഉൾപ്പടെയുള്ള ഏജൻസികൾ കേന്ദ്രത്തിനു റിപ്പോർട്ടു നല്കിയിരുന്നതിനാൽ സംഭവത്തെ ഗൗരത്തോടെയാണ് കേന്ദ്രവും കാണുന്നത്. രാജ്യ രക്ഷയെ ബാധിക്കുന്ന കേസിൽ സ്വപ്ന സുരേഷിന് ഒളിവിൽ പോകാൻ കൂട്ടുനിന്നവർ ഉന്നത ബന്ധമുള്ളവരെന്ന സൂചന ഉണ്ട്. ഭരണ തലത്തിലെ ഉന്നതരുടെ പിന്തുണ കൂടാതെ ഒളിവിൽ പോകാൻ സ്വപ്നക്കു കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Related Articles

Post Your Comments

Back to top button