ബംഗളൂരു: ചിത്രദുർഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. ചായക്കട നടത്തുന്ന പവീൻ-ബേബി ദമ്പതിമാരുടെ മകൾ പൂർവിക ആണ് മരിച്ചത്. സംഭവത്തിൽ ആൾദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ഒരാഴ്ചയായി പൂർവിക രാത്രി സ്വപ്നംകണ്ട് കരയാറുണ്ടായിരുന്നു. ബാധകൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാർ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. ബാധ ഒഴിപ്പിച്ചുനൽകാമെന്നു പറഞ്ഞ് പുരുഷോത്തം കുട്ടിയെയും മാതാപിതാക്കളെയും രാകേഷിന്റെ അടുത്തെത്തിച്ചു. യെല്ലമ്മ ദേവിയുടെ ആത്മാവ് തന്നിൽ കുടിയേറിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് നഗരത്തിനോടു ചേർന്ന സ്ഥലത്തെ കുടിലിൽ രാകേഷ് കഴിഞ്ഞിരുന്നത്. ദുർമന്ത്രവാദവും നടത്തിയിരുന്നു.
മാതാപിതാക്കളെ കുടിലിനകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ കുട്ടിയെ പുരുഷോത്തം ആണ് കൊണ്ടുപോയത്. ബാധയൊഴിപ്പിക്കാനെന്ന പേരിൽ രാകേഷ് ഒരു മണിക്കൂറോളം കുട്ടിയെ വടികൊണ്ട് അടിച്ചു. കുട്ടി ബോധംകെട്ടത് കണ്ടതോടെ ബാധ പോയെന്നുപറഞ്ഞ് മാതാപിതാക്കൾക്ക് കൈമാറി. വീട്ടിലെത്തിയാൽ ബോധം വരുമെന്നും അറിയിച്ചു. വീട്ടിലെത്തിയിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.