നിർമ്മാണ തൊഴിലാളികളുടെ കരുതൽ ധനത്തിൽ 6.72 കോടിയും ട്രഷറിയിൽ കാണാനില്ല.

ചോര നീരാക്കി പണിയെടുക്കുന്ന നിര്‍മാണ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള കരുതല്‍ ധനവും ട്രഷറിയിൽ കാണാനില്ല.
നാല് വര്‍ഷം മുമ്പ് കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ട്രഷറിയില്‍ അടച്ച 25 കോടി രൂപയില്‍ 6.72 കോടി കാണാതായ സംഭവം സർക്കാർ മൂടി വെച്ചിരിക്കുകയാണ്. സംഭവം പുറത്തറിയിക്കാതെ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ക്ഷേമനിധി ബോര്‍ഡ് പല തവണ ആവശ്യപ്പെട്ടിട്ടും പണം പോയ വഴി കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ് ഇതുവരെ ചെറു വിരൽ അനക്കിയിട്ടില്ല. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി തട്ടിയെടുത്ത സംഭവം വന്‍ വിവാദമായതോടെയാണ് ആറേമുക്കാല്‍ കോടിയുടെ തിരിമറി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
തിരുവനന്തപുരം ട്രഷറിയില്‍ അടച്ച 25 കോടി രൂപയില്‍ 6.72 കോടി കാണാതായത് സംബന്ധിച്ച് ധനകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടും ഭീമമായ തുക ഒളിച്ചോടിപ്പോയ വഴി കണ്ടെത്താന്‍ ശ്രമിക്കാത്തത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ മുതല്‍ മൂന്നു മാസത്തെ തുകയായ 25,05,98,203 രൂപയില്‍നിന്നാണ് 6.72 കോടി കാണാതായിട്ടുള്ളത്. സര്‍ക്കാരും വ്യക്തികളും നടത്തുന്ന നിര്‍മിതികളുടെ ഒരു ശതമാനം തുകയാണ് ട്രഷറി സെസ് ഇനത്തില്‍ അക്കൗണ്ടിലെത്താറുള്ളത്. എസ്.ടി.എസ്.ബി.അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക സംബന്ധിച്ച് വിശദമായ സ്റ്റേറ്റ്‌മെന്റ് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ലഭിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ 2019 ല്‍ അക്കൗണ്ടിലെ തുകയുടെ ഒരു ഭാഗം മറ്റ് നിക്ഷേപങ്ങള്‍ക്കായി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് തുകയില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ ആവശ്യപ്രകാരം ട്രഷറിയില്‍നിന്നും ലഭിച്ച സ്റ്റേറ്റ്‌മെന്റില്‍ വിശദമായ വിവരങ്ങള്‍ കാണാതെയുമായി.
ഗുരുതരമായ തിരിമറി നടന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ക്ഷേമനിധി ബോര്‍ഡ് പ്രശ്‌നം ഗൗരവമായി ചര്‍ച്ചചെയ്യുകയും വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ട്രഷറിയിലെ ക്ഷേമനിധി അക്കൗണ്ടിലെ സ്റ്റേറ്റുമെന്റുകള്‍ മുഴുവന്‍ നീക്കം ചെയ്തിരിക്കുന്നതായാണ് കണ്ടെത്താനായത്. ഇതുസംബന്ധിച്ച് ആധികാരികമായി ട്രഷറിക്ക് കത്തുനല്‍കി സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടു. മറുപടിയായി ട്രഷറിയില്‍ നിന്നും ലഭിച്ച സ്റ്റേറ്റ്‌മെന്റ് നേരത്തെ നല്‍കിയ സ്റ്റേറ്റ്‌മെന്റുമായി യാതൊരു ബന്ധവും ഇല്ലാത്തതായിരുന്നുവെന്നാണ് ബോര്‍ഡ് പറയുന്നത്.
ക്ഷേമനിധിയിലേയ്ക്ക് വരുന്ന ബില്ലുകള്‍ മാറി തുക അക്കൗണ്ടില്‍ വരവ് വയ്ക്കുമ്പോള്‍ തുകയോടൊപ്പം അടച്ച സ്ഥാപനത്തിന്റെ, അല്ലെങ്കില്‍ വ്യക്തിയുടെ വിവരങ്ങളും റിക്കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ട്രഷറിയുടെ നടപടികളിൽ അത് ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഒരേ കാലയളവില്‍ വിവിധ എസ്.ടി.എസ്.ബി. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഒരേ തീയതിയില്‍ തന്നെ വ്യത്യസ്ത ക്ലോസിങ് ബാലന്‍സുകള്‍ രേഖപ്പെടുത്തിയതായ വിവരവും പുറത്തു വന്നിരിക്കുകയാണ്. ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കെ.വി. ജോസ് ധനകാര്യ മന്ത്രിക്ക് വിശദമായ പരാതിക്കത്ത് നല്‍കിയെങ്കിലും, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. 6.72 കോടി കാണാതായ സംഭവത്തില്‍ ധനവകുപ്പും ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടുതന്നെ കണ്ണടക്കുകയാണ്.
അക്കൗണ്ടില്‍നിന്നു 6.72 കോടി കാണാതായ സംഭവം ശ്രദ്ധയില്‍പെടുത്തിയപ്പോല്‍തന്നെ ക്ഷേമനിധിയുടെ പരാതി മുഖവിലക്കെടുത്തിരുന്നെങ്കില്‍ കോടികളുടെ വെട്ടിപ്പ് പിന്നീട് നടക്കില്ലായിരുന്നുവെന്നും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ കെ.പി. തമ്പി കണ്ണാടന്‍ പറയുന്നുണ്ട്. ട്രഷറി സോഫ്റ്റ് വെയറിലെ പിഴവെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതു നിര്‍മിച്ച എന്‍ഐസിയുടെ വിദഗ്ധ സഹായം തേടണമെന്ന ബോര്‍ഡിന്റെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടില്ല.