ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ മുടങ്ങിക്കിടന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം. 1965 വരെ പ്രവര്‍ത്തിച്ചിരുന്ന ട്രെയിന്‍ സര്‍വീസാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി- ചിലഹത്തി റൂട്ടിലെ ട്രെയിന്‍ സര്‍വീസാണ് പുനരാരംഭിക്കാന്‍ തീരുമാനമായിരിക്കുന്നത്.
സീറോ പോയിന്റായി അറിയപ്പെടുന്ന ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കൂച്ച് ബിഹാറില്‍ ഹല്‍ദിബാരി അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും കേവലം നാലര കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. വിഭജനകാലത്ത് കൊല്‍ക്കൊത്തയില്‍ നിന്നു സിലിഗുരിയിലേക്കുള്ള ബ്രോഡ്‌ഗേജ് പാതയുടെ ഭാഗമായിരുന്നു ഹല്‍ദിബാരി- ചിലഹത്തി റൂട്ട്.
വിഭജനത്തിനു ശേഷവും അസമിലേക്കും വടക്കന്‍ ബംഗാളിലേക്കും പോകുന്ന ട്രെയിനുകള്‍ ഈ ഭാഗത്തുകൂടെയാണ് കടന്നുപോയിരുന്നത്. എന്നാല്‍ 1965ലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയും അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ റെയില്‍വേ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു.
ഹല്‍ദിബാരി- ചിലഹത്തി റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിനു പുറമേ പ്രതിമാസം ഏകദേശം 20 ട്രെയിനുകളും സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ട്. ഇതോടെ ബംഗ്ലാദേശുമായുള്ള ബന്ധത്തില്‍ ഇന്ത്യ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. ബംഗ്ലാദേശ് ഹൈക്കമ്മീഷണറടക്കം ഉന്നത ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്‌റ്റേഷനും ലൈനും സന്ദര്‍ശിച്ചു.