അൽ-ക്വയ്ദ ഭീകരർ ലക്ഷ്യമിട്ടിരുന്ന ചാവേറാക്രമണത്തിനായി പാക്കിസ്ഥാനിൽ നിന്ന് ഓട്ടൊമാറ്റിക് റൈഫിളുകളും പിസ്റ്റളുകളും സ്ഫോടക വസ്തുക്കളും

കേരളത്തിൽനിന്നും പശ്ചിമബംഗാളിൽ നിന്നുമായി പിടികൂടിയ അൽ-ക്വയ്ദ ഭീകരർ ലക്ഷ്യമിട്ടിരുന്ന ചാവേറാക്രമണത്തിനായി പാക്കിസ്ഥാനിൽ നിന്ന് ഓട്ടൊമാറ്റിക് റൈഫിളുകളും പിസ്റ്റളുകളും സ്ഫോടക വസ്തുക്കളും എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയായിരുന്നു എന്ന് എൻ ഐ എ. ചാവേറാക്രമണത്തിനായി കൂടുതൽ ആയുധങ്ങൾ എത്തിക്കുന്നതിനും ഇവർ പദ്ധതിയിട്ടിരുന്നതായും, പാക്കിസ്ഥാനിൽ നിന്ന് ഓട്ടൊമാറ്റിക് റൈഫിളുകളും പിസ്റ്റളുകളും സ്ഫോടക വസ്തുക്കളും ഇവർക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നതെന്നാണ് എൻഐഎ വെളിപ്പെടുത്തിയിട്ടുള്ളത്.
യാക്കൂബ് ബിശ്വാസ്, മുർഷിദ് ഹസൻ, മുസറഫ് ഹുസൈൻ എന്നിവരെയാണ് കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.യാക്കൂബ് പൊറോട്ട തയ്യാറാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. മുർഷിദ് ഹസൻ കെട്ടിട നിർമാണ തൊഴിലാളിയായും മുസറഫ് ഹുസൈൻ തുണിക്കടയിലെ സെയ്ൽസ്മാനായും ജോലി നോക്കിയിരുന്നവരും. മറ്റുള്ളവരുമായി അധികം ബന്ധമില്ലാതെ, ഒതുങ്ങി ജീവിക്കുന്നവരായിരുന്നു ഇവർ. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ച് പ്രാഥമിക വിവരങ്ങളിൽ കൂടുതലായി ആർക്കും അറിയില്ലായിരുന്നു.
പിടിയിലായവരിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, മൂർച്ചയുള്ള ആയുധങ്ങൾ, രാജ്യത്ത് നിർമ്മിച്ച തോക്കുകൾ, പ്രാദേശികമായി നിർമ്മിച്ച ബോഡി കവചം, സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സാഹിത്യങ്ങൾ എന്നിവ പിടിച്ചെടുത്തതായി എൻഐഎ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനിലുള്ള ഹംസ എന്നയാൾ വഴിയാണ് ഇവർക്ക് ആയുധങ്ങൾ ലഭ്യമാക്കാൻ ശ്രമം നടന്നിരുന്നത്. കശ്മീരിലെത്തി തൻറെ സഹായികളിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റാനാണ് ആദ്യം നിർദേശം നൽകിയത്. എന്നാൽ, ലോക് ഡൗൺ സാഹചര്യത്തിൽ പദ്ധതി പൊളിഞ്ഞു. പിന്നീടാണ് ആയുധങ്ങൾ കൈമാറുന്നത് ഡൽഹിയിലാവാമെന്നു തീരുമാനിച്ചത്.ദേശീയ അന്വേഷണ ഏജൻസി നൽകുന്ന റിപ്പോർട്ട് പ്രകാരം എറണാകുളത്തു നിന്നും പിടികൂടിയ മുർഷിദ് ഹസനാണ് സംഘത്തിന്റെ തലവൻ. ഇയാളാണ് പാകിസ്താനിലെ അൽ ക്വയിദ കമാൻഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും ആയുധങ്ങൾ എത്തിക്കാമെന്ന് ഇയാൾ ഹസ്സന് ഉറപ്പ് നൽകിയിരുന്നുവെന്നും എൻഐഎയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മുർഷിദ് ഹസൻ സഹായികൾക്കൊപ്പം ഡൽഹിയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹംസയുടെ സഹായിയിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റാനായിരുന്നു തീരുമാനം. മുർഷിദ് തന്നെയാണ് നേരത്തേ കശ്മീരിൽ പോയി ആയുധങ്ങൾ കൈപ്പറ്റാനും ധാരണയായിരുന്നത്.
ആയുധങ്ങൾ ലഭിച്ചാലുടൻതന്നെ സ്ഫോടനങ്ങളുണ്ടാക്കാമെന്ന് ഹംസയുമായി ധാരണയുണ്ടാക്കുകയും ചെയ്തിരുന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ ധാരണയുടെ അന്തിമരൂപം തയാറായി വരികയായിരുന്നു. പാക് സഹായത്തോടെയും നിർദേശങ്ങളോടെയും പ്രവർത്തിക്കുന്ന ഈ അൽ ക്വയ്ദ മൊഡ്യൂളിൻറെ തലവൻ മുർഷിദ് തന്നെയാണെന്നാണ് എൻഡിഎ ഇപ്പോൾ സ്ഥിരീകരിക്കുന്നത്. പശ്ചിമ ബംഗാളിൽ അറസ്റ്റിലായ അബു സുഫിയാനും പ്രധാന റോളുണ്ട്. അൽ ക്വയ്ദയിൽ ആകൃഷ്ടനായാണ് മുർഷിദ് ഭീകര പ്രവർത്തനത്തിന് തയാറായതെന്നും എൻഐഎ.
മുസാറഫ് ഹുസൈൻ മുർഷിദിൻറെ അടുത്ത സഹായിയാണ്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലയുള്ള ഒരായുധം വാങ്ങാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഒമ്പതു എംഎം പിസ്റ്റളും ബുള്ളറ്റുകളും വാങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തുകയായിരുന്നു. പശ്ചിമ ബംഗാളിൽ അറസ്റ്റിലായ മൈനൂൾ മോണ്ടൽ ആയുധങ്ങൾ വാങ്ങാനുള്ള ഫണ്ടിലേക്കായി 10,000 രൂപ നൽകി. ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള ചർച്ചകളിൽ മോണ്ടലും പങ്കാളിയായി.പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ക്വയ്ദ ഭീകരരിൽ നിന്ന് സൈബർ സ്പെയ്സ് വഴിയാണ് ഈ മൊഡ്യൂളിനു നിർദേശങ്ങൾ ലഭിച്ചിരുന്നത്.