രാജ്യത്ത് 24 മണിക്കൂറിൽ 75,083 പേർക്ക് കൊവിഡ്, മരണം 1,053

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 75,083 പേർക്ക്. 1,053 പേർ ഇന്നലെ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 44.97 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 9.75 ലക്ഷം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 88,935 പേരാണ് കൊവിഡിനെ തുടർന്ന് മരിച്ചത്.
പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് മുന്നിലുളളത്. അമേരിക്കയിൽ ഇന്നലെ 36, 372 പേർക്കും ബ്രസീലിൽ 15,454 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 388, 455 എന്നിങ്ങനെയാണ് യഥാക്രമം ഇരുരാജ്യങ്ങളിലെയും ഇന്നലത്തെ മരണനിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിനം 90,000ത്തിലേറെ പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് കൂടുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗികൾ ദിനംപ്രതി വർധിക്കുന്നത്. രോഗവ്യാപന നിരക്കിൽ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് കേരളം. രോഗവ്യാപനനിരക്കിൽ കേരളത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സെപ്റ്റംബർ 19 വരെയുളള കണക്കുകൾ പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7 ശതമാനമാണ്.