Editor's ChoiceKerala NewsLatest NewsNationalNews

ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കൾ-ശിവരാജ് സിംഗ് ചൗഹാന്‍, വെള്ളിയാഴ്ച്ച ഭാരത് ബന്ദ്

 

കർഷക ബിലിന് പിന്തുണയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കര്‍ഷകബില്‍ വരുന്നതോടെ രാജ്യത്തെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാകും. അവരെ സ്വയം പര്യാപ്തമാക്കാനാണ് ഈ നിയമത്തിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കർഷകബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകന്റെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. എന്തിനാണ് ഇടനിലക്കാരെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.
അതേ സമയം കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കര്‍ഷക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. ബില്ലിൽ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഭാരത ബന്ദില്‍ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞും സമരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസമായ ചൊവ്വാഴ്ച്ച നെല്‍കതിരുമായി എത്തിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്.
പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു മന്ത്രിസഭ വിലയിരുത്തി.സംസ്ഥാന സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നത്. അഡീഷനൽ അഡ്വക്കേറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് ലഭിച്ച നിയമോപദേശം.
ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.
എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൻ്റെ പേരിൽ 10 ഓളം എം പി മാരെ സസ്പെൻറ് ചെയ്തിരുന്നു.ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button