ലൈഫ് മിഷൻ അഴിമതി,സർക്കാർ വലിയ വീഴ്ച വരുത്തി

ലൈഫ് മിഷൻ അഴിമതി, അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ വലിയ വീഴ്ച വരുത്തി ഉമ്മൻചാണ്ടി
ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയത്. കോഴ ഇടപാടിൻറെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. ലൈഫ് മിഷൻ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും അതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാട് കരാർ നടത്തിയതെങ്കിലും രണ്ടാം കക്ഷി സർക്കാരായിരിക്കുന്നതിനാൽ സംസ്ഥാന സർക്കാർ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.
സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്. കരാറിലെ അപാകതകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനിൽ അക്കര എംഎൽഎ വ്യക്തമാക്കി. അന്ന് ഇടപെട്ടിരുന്നുവെങ്കിൽ സ്വപ്നയെ പിടികൂടാൻ കഴിയുമായിരുന്നെനും മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.