സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും.

രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു കേന്ദാനുമതിയില്ലാതെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമായിരിക്കും ഇത്. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കെ ഇക്കാര്യത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു വ്യക്തമായ സാഹചര്യത്തിലാണ് സി ബി ഐ ഇത് സംബന്ധിച്ച കേസ് എടുത്തിരിക്കുന്നത്.
ഇടപാടുകളുമായി ബന്ധപെട്ടു ഗൂഡാലോചന നടന്നിട്ടുണ്ടോ, നിയമലംഘനത്തിനു കാരണക്കാരായവർ ആരൊക്കെ, ആരൊക്കെ സഹായിച്ചു, എന്നിവയെപ്പറ്റിയുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ സി ബി ഐ നടത്തിവരുന്നത്. വിദേശത്തുനിന്നു പണം അയച്ചത് ആരാണ്, ആരാണ് സ്വീകരിച്ചത്, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു കാരണമായ സഹായം ഉണ്ടായിരുന്നുവോ, തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ലൈഫ് മിഷൻ ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് സിബിഐഅന്വേഷിക്കില്ല.
ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ആയിരുന്നു അനില്‍ അക്കരെ എംഎല്‍എ സിബിഐ എസ്പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവര്‍ക്കും ഇതേ ശിക്ഷയാണ്. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളും അന്വേഷണ പരിധിക്കുള്ളിൽ വരുന്നതാണ്.
സിബിഐ ഇപ്പോൾ റജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയോ, തദ്ദേശമന്ത്രിയെയോ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താനുള്ള സാധ്യത കുറവാണെങ്കിലും, ഇവരുടെ മൊഴികൾ എടുക്കേണ്ടി വരും. ലൈഫ് മിഷൻ കേസിന്റെ അവസാന ഘട്ടത്തിൽ ആയിരിക്കും മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴികൾ എടുക്കേണ്ടി വരുക. എന്നാൽ ഇത് സംബന്ധിച്ചു, ഗൂഡാലോചന നടന്നതായോ, സർക്കാരിന്റെ അറിവോടെയാണ് സഹായം സ്വീകരിച്ചതും, ഉപയോഗിച്ചതും എന്ന് കേസന്വേഷണത്തിൽ തെളുവുകൾ ലഭിച്ചാൽ ഈ കേസ് ഒരു പക്ഷെ സർക്കാരിന്റെ ഭാവിയെ പോലും ബാധിച്ചേക്കാം. കേന്ദ്രത്തിന്റെ അനുമതി തേടിയില്ലെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കെ, ചട്ട ലംഘനം നടന്നു എന്നത് വ്യക്തമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവർ ക്കെതിരെ തെളിവുകൾ ലഭിക്കുന്ന സ്ഥിതിയിലേക്ക് കേസന്വേഷണം നീളുമ്പോൾ, ഇവരെ പ്രതി ചേര്‍ക്കുന്നതിനു സി ബി ഐ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം ചെയ്യുക. പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം സര്‍ക്കാര്‍ ഓഫിസുകളിലേക്കും ഉണ്ടാവും. ലൈഫ് മിഷന്‍ സിഇഒ അറിയാതെ തിടുക്കപ്പെട്ട് കരാര്‍ തയാറാക്കിയ ഉദ്യോഗസ്ഥൻ, നിയമ വകുപ്പിന്റെ ഉപദേശം തേടാതിരുന്ന ഗുരുതരമായ വീഴ്ച, എന്നിവ സിബിഐ അന്വേഷണത്തിൽ വരുന്നുണ്ട്.