കോവിഡ് ഇന്ത്യയിൽ ഒരു ലക്ഷം മനുഷ്യജീവൻ കവർന്നു.

കോവിഡ് മഹാമാരി വിതക്കുന്ന മരണം ഇന്ത്യയിൽ ഒരു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ 99773 മരണം ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. വൈകീട്ടോടെ 424 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ മരണ സംഖ്യ ഒരു ലക്ഷത്തിന് മുകളിലെത്തി.
രാജ്യത്ത് ആദ്യമായി കോവിഡ്19 റിപ്പോര്‍ട്ട് ചെയ്ത് ഏഴാം മാസത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് മരണ സംഖ്യ ഒരു ലക്ഷമായിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ യു എസിന് തൊട്ടുപിറകിലാണ് ഇന്ത്യ ഇപ്പോൾ.
അതേ സമയം കോവിഡ് രോഗ മുക്തിയുടെ കണക്കില്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനുള്ളില്‍ 78877 പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 53,52,078 ആയി. രോഗമുക്തി നിരക്ക് 83.70 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കേരളം കർണാടകയെയും പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി. ഇന്നലെ മഹാരാഷ്ട്രയിൽ 15,591 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കേരളത്തിൽ 9,258 പുതിയ രോഗികളെയാണ് കണ്ടെത്തിയത്. കർണാടകയിൽ 8,793 പേരാണ് വെള്ളിയാഴ്ച പോസിറ്റീവായത്. കേരളത്തിൽ 63,175 സാംപിളുകൾ പരിശോധിച്ചപ്പോൾ കർണാടകയിൽ 92,059 സാംപിളുകൾ വെള്ളിയാഴ്ച പരിശോധിക്കുകയുണ്ടായി. കർണാടകയിൽ രോഗവ്യാപനത്തിന് നേരിയ കുറവുള്ളപ്പോൾ കേരളത്തിലെ വ്യാപനത്തോത് വർധിച്ചു വരുകയാണ്.
കർണാടകയിലെ മരണസംഖ്യ 9,000 കടക്കുകയും, മൊത്തം രോഗബാധിതർ 6.20 ലക്ഷത്തിലെത്തുകയും ചെയ്തു. 1,11,986 പേരാണ് ഇപ്പോൾ കർണാടകയിൽ ചികിത്സയിലുള്ളത്. 125 പേർ വെള്ളിയാഴ്ച കർണാടകയിൽ മരിച്ചു. ഇതോടെ മരണസംഖ്യ 9119 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുകയാണ്.
കേരളത്തിൽ 20 മരണമാണ് വെള്ളിയാഴ്ച സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 791 ആയി. 2,12,499 പേർക്ക് ഇതുവരെ രോഗം ബാധിച്ച കേരളത്തിൽ 77,482 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കർണാടകയിലെ ബംഗളൂരുവാണ് രാജ്യത്തു തന്നെ ഏറ്റവും കൂടിയ തോതിൽ രോഗബാധയുള്ള നഗരം ആയി മാറിയിരിക്കുന്നത്. ബംഗളൂരു അർബനിൽ വെള്ളിയാഴ്ച മാത്രം കണ്ടെത്തിയത് 4,259 കേസുകളാണ്.
ആന്ധ്രപ്രദേശിൽ 6,555 പുതിയ കേസുകൾ കണ്ടെത്തിയപ്പോൾ 7,485 പേർ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കേസുകൾ 7.06 ലക്ഷം കടന്നു. മരണസംഖ്യ 5,900. ഇപ്പോൾ ചികിത്സയിലുള്ളവർ കേരളത്തിലുള്ളതിലും കുറവാണ്- 56,897. തമിഴ്നാട്ടിൽ 5,595 പേർക്കു കൂടിയാണു രോഗം കണ്ടെത്തിയത്. 6.08 ലക്ഷത്തിലേറെ രോഗബാധിതരുള്ള സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 46,294 പേർ. 67 പേർ കൂടി തമിഴകത്തു മരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 9,653 ആണ്.
മൊത്തം കേസുകളിലും രോഗവ്യാപനത്തിലും ഇപ്പോഴും രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്ര ആണ്. മൊത്തം കേസുകൾ 14.16 ലക്ഷത്തിലെത്തിയ സംസ്ഥാനത്ത് 37,480 പേർ മരിച്ചുകഴിഞ്ഞു. 2.60 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകളുണ്ട് മഹാരാഷ്ട്രയിൽ ഉണ്ട്. 2.65 ശതമാനം ആണ് മരണ നിരക്ക്. മുംബൈ നഗരത്തിലെ മാത്രം ഇതുവരെയുള്ള രോഗബാധിതർ രണ്ടു ലക്ഷത്തിലേറെയാണ്. മൊത്തം കേസുകൾ 4.06 ലക്ഷമായ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 3,946 പോസിറ്റീവ് കേസുകളാണ്. 5,917 പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചിട്ടുണ്ട്. 49,112 ആക്റ്റിവ് കേസുകളാണ് യുപിയിലുള്ളത്.