രാജസ്ഥാനെ തകർത്ത് ബാംഗ്ലൂർ

ഷാർജ സ്റ്റേഡിയത്തിന് പുറത്ത് നില കിട്ടാതെ രാജസ്ഥാൻ പരുങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റിൻ്റെ രാജകീയ വിജയം.രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് റോയൽ ചാലഞ്ചേഴ്സ് മറികടന്നത്. മികച്ച ഫോമിൽ തുടരുന്ന ഓപ്പണർ ദേവദത്ത് പടിക്കലിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടി ഫോമിലേക്കുയർന്നത് ബാംഗ്ലൂരിന് ഇരട്ടി മധുരമായി.സീസണിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച മലയാളി താരം ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരാണ് ടീമിന്റെ വിജയശിൽപികൾ.
പടിക്കൽ 45 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത് പുറത്തായി. കോലി 53 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. സമ്പാദ്യം ഏഴു പന്തിൽ എട്ട് റൺസെടുത്ത ആരോൺ ഫിഞ്ചാണ് റോയൽ ചാലഞ്ചേഴ്സ് നിരയിൽ പുറത്തായ മറ്റൊരു താരം. ഡിവില്ലിയേഴ്സ് 10 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു.

രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചാലഞ്ചേഴ്സിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആരോൺ ഫിഞ്ചിനെ ശ്രേയസ് ഗോപാൽ എൽബിയിൽ കുരുക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ തകർപ്പൻ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ദേവ്ദത്ത് പടിക്കൽ – വിരാട് കോലി സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 80 പന്തുകൾ ക്രീസിൽനിന്ന ഇവരുടെ സഖ്യം 99 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. സെഞ്ചുറി കൂട്ടുകെട്ടിന് തൊട്ടരികെ ജോഫ്ര ആർച്ചർ ദേവ്ദത്തിനെ പുറത്താക്കി. പിന്നീട് ഡിവില്ലിയേഴ്സിനെ സാക്ഷിനിർത്തി കോലി ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ എന്നിവർ തുടക്കത്തിലെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. നന്നായി കളിച്ചു വന്ന ജോസ് ബട്ട് ലറെ മികച്ചൊരു ക്യാച്ചിലൂടെ ദേവദത്ത് പടിക്കൽ പുറത്താക്കിയതോടെ രാജസ്ഥാൻ്റെ നില പരുങ്ങലിലായി. തുടർന്ന് ക്രീസിലെത്തിയ
സീസണിലെ ആദ്യ മത്സരം കളിച്ച മഹിപാൽ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലോംറോർ 39 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 47 റൺസെടുത്ത് പുറത്തായി. ജോസ് ബട്‍ലർ 12 പന്തിൽ 22, രാഹുൽ തെവാത്തിയ 12 പന്തിൽ പുറത്താകാതെ 24, ജോഫ്ര ആർച്ചർ 10 പന്തിൽ പുറത്താകാതെ 16 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. റോയൽ ചാലഞ്ചേഴ്സിനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇസൂരു ഉഡാനയ്ക്ക് രണ്ടും നവ്ദീപ് സെയ്നിക്ക് ഒരു വിക്കറ്റും ലഭിച്ചു.