Kerala NewsLatest NewsNews

ചികിത്സയ്ക്കെന്ന് പറഞ്ഞു ശിവശങ്കരൻ മുങ്ങിയത് 18 ദിവസങ്ങൾ, ഒപ്പം സ്വപ്നയും,അന്വേഷണം ശിവങ്കരനിലേക്ക്

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെ സി ബി ഐ ചോദ്യം ചെയ്യും. തിരുവനന്തപുരം ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴിരേഖപ്പെടുത്തുമ്പോൾ സി.ബി.ഐക്ക് ലഭിച്ചിരിക്കുന്ന ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിനു കാരണമായിരിക്കുന്നത്. ശിവശങ്കരൻ കസ്റ്റംസ്, എൻ ഐ എ എന്നീ ഏജൻസികൾക്ക് മുന്നിൽ നൽകിയിരുന്ന പല മൊഴികളും കളവായിരുന്നുവോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് സി ബി ഐ ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ട് പിറകെ ചികിത്സക്കെന്ന് പറഞ്ഞു ശിവശങ്കരൻ 18 ദിവസങ്ങൾ മുങ്ങിയെന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഒപ്പിട്ട ശേഷം 18 ദിവസമാണ് ശിവശങ്കരൻ ഔദ്യോഗികമായി ലീവ് എടുത്തിരിക്കുന്നത്. ചികിത്സക്കായി പോകുന്നു എന്നാണു ശിവശങ്കരൻ ഓഫീസിൽ ചിലരോട് പറഞ്ഞിരുന്നതെങ്കിലും, ഓഫീസിൽ മടങ്ങി എത്തിയ ശേഷം ചികിത്സ ചെലവ് സംബന്ധിച്ചു ഇതുവരെ ബില്ലുകളൊന്നും ഹാജരാക്കിയിരുന്നില്ല. ശിവശങ്കറിന്റെ ചികിത്സയുടെ വിശദാംശങ്ങളും ആരൊക്കെ ഈ 18 ദിവസം കൂടെ ഉണ്ടായിരുന്നുവെന്നും, എവിടെ ചികിത്സ നടത്തിയെന്നതിനെ പറ്റിയും ആദ്യം ശിവശങ്കറിൽ നിന്നും ചോദിച്ചറിയുകയും,ഇതേപ്പറ്റി അന്വേഷിക്കാനും സിബിഐ നിർബന്ധിതമായിരിക്കുകയാണ്. ചികിത്സയ്ക്കു വേണ്ടിയാണ് അവധിയെന്ന് അപേക്ഷയില്‍ പറയുന്നുണ്ടെങ്കിലും ചികിത്സാ ചെലവിനായി ഒരു ബില്ലുപോലും ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടില്ലെന്നതാണ് സംശയങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.

ഓഫീസിൽ നിന്ന് ജൂലൈ 17 മുതല്‍ ആഗസ്റ്റ് നാലുവരെയാണ് ശിവശങ്കര്‍ ലീവ് എടുത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഇടപാടുമായി ബന്ധപെട്ടു യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി പണം നല്‍കുന്നത് അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് രണ്ടിനായിരുന്നു. കരാറുമായി ബന്ധമുളള പണമിടപാടുകള്‍ നടന്നതും ശിവശങ്കറിന്റെ അവധിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസി ഇപ്പോൾ സംശയിക്കുന്നത്. പണമിടപാടുകള്‍ നടന്നതിന് ശേഷമാണ് എം ശിവശങ്കര്‍ ലീവ് കഴിഞ്ഞു തിരികെ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വയ രക്ഷക്കായി പറഞ്ഞ മൊഴികളിൽ നിന്ന് വിരുദ്ധമായി ലൈഫ് മിഷന്‍ ഇടപാടുകളിൽ ശിവശങ്കറിനും പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
യുഎഇ റെഡ്ക്രസന്റുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലൈ 17 ന് മൂന്നു മണിക്കായിരുന്നു. ലീവെടുത്ത് ശിവശങ്കരൻ മുങ്ങിയ 18 ദിവസങ്ങളിൽ പെട്ട പണമിടപാട് നടന്ന ദിവസങ്ങളിൽ സ്വപ്ന ശിവശങ്കറിനോടൊപ്പം എത്ര ദിവസം ഉണ്ടായിരുന്നു എന്നാണു സി ബി ഐ ഇപ്പോൾ അന്വേഷിക്കുന്നത്.

സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയ്ക്ക് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നതാണ്. ഇത് പൂർണ്ണമായും അന്വേഷണ ഏജൻസികൾ വിശ്വസിച്ചിരുന്നില്ല. ഇത് ആർക്കുള്ളതാണെന്നു തിരയുന്നതിനിടയിലാണ് ചില സുപ്രധാന വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. പണം ശിവശങ്കറിനൊ, അല്ലെങ്കില്‍ ശിവശങ്കര്‍ വഴി മറ്റേതെങ്കിലും ഉന്നതനുവേണ്ടിയുള്ളതാണോ എന്നതാണ് സിബിഐ മുഖ്യമായും സംശയിക്കുന്നത്. ഇക്കാര്യങ്ങളറിയാന്‍ സിബിഐ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യും. സ്വപ്നയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ലോക്കർ തുറക്കാനും ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് സഹായിച്ചതെന്നുള്ള ആഡിറ്ററുടെ മൊഴിയും ശിവശങ്കറിലേക്കുള്ള സംശയങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.

ശിവശങ്കർ പ്രത്യേക താല്പര്യം എടുത്താണ് തിടുക്കത്തിൽ ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടതെന്നു ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തിൽ മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് വിവരം താൻ അറിഞ്ഞിരുന്നതെന്നും ജോസ് പറഞ്ഞിരുന്നതാണ്. 2019 ആഗസ്റ്റ് രണ്ടിനാണ് യൂണിടാക്ക് എംഡി സ്വപ്നക്ക് 3.80 കോടി രൂപ തിരുവനന്തപുരത്ത് കവടിയാറില്‍ വച്ച്‌ സ്വപ്‌ന സുരേഷിന് നൽകുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനും അന്നുതന്നെ പണം കൈമാറിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, എ.കെ. ബാലനും ഇതു സ്ഥിരീകരിച്ചിരുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button