കൂടത്തായി ജോളി ജയിലിലായിട്ട് ഒരു വര്‍ഷം; വിചാരണക്ക് ഇനിയും കാത്തിരിക്കണം

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വർഷം.ഒരു വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ എങ്ങുമെത്തിയില്ല.റോയ് തോമസ്, സിലി വധക്കേസുകളിലാണ് നടപടികള്‍ക്ക് തുടക്കമിട്ടിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ടോം തോമസിെന്റ പേരില്‍ വ്യാജ ഒസ്യത്തുണ്ടാക്കിയ സംഭവത്തില്‍ പ്രതിയായിരുന്ന നോട്ടറി അഭിഭാഷകന് കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വന്ന ശേഷമാകും വിചാരണ നടപടികള്‍ തുടങ്ങുക.
ജോളിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. കൂടത്തായി ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയിലെ നാലും കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിലെ ഒരു കല്ലറയും തുറന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്നാണ് ആറു മരണങ്ങളുടെ കാരണം ഓരോന്നായി പുറത്തുവന്നത്. ആദ്യ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍ത്താവിന്റെ മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍, മകള്‍ ഒന്നര വയസ്സുകാരി ആല്ഫൈന് എന്നിവരുടെ മരണത്തിലാണ് ജോളിയുടെ മുഖ്യ പങ്ക് വ്യക്തമായത്.
കോവിഡ് വ്യാപനമായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും വിചാരണ തുടങ്ങുക. ആറു കേസുകളിലെയും വിചാരണ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുത്തേക്കും.