
ചെന്നൈ/ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്‍മാറാന്‍ തയ്യാറാവുകയായിരുന്നു. ബുധനാഴ്ച രാവിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം ഉണ്ടായത്. പളനിസാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തിൽ സഖ്യ കക്ഷിയായ ബി.ജെ.പിയ്ക്കും യോജിപ്പാണ് ഉള്ളത്.