കോൺഗ്രസ് വിടുന്നെന്ന അഭിവ്യൂഹങ്ങൾക്ക് മറുപടി നൽകി ഖുശ്ബു

നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു പാർട്ടി വിടുന്നതായും ബിജെപിയിൽ ചേരുന്നതായുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പ്രതികരണവുമായി താരം രംഗത്തെത്തി.ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം തള്ളിയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിൽ താൻ പൂർണമായും സംതൃപ്തയാണെന്നും മറ്റു പാർട്ടികളിൽ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നും ഖുശ്ബു ഡൽഹിയിൽ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ അറിയിച്ചുക്കൊണ്ട് ഖുശ്ബു രംഗത്തെത്തിയതിന് പിന്നാലെ നടി കോൺഗ്രസ് വിടുകയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. വിദ്യാഭ്യാസനയത്തിലെ ചില നിർദേശങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയ സമയത്ത് തന്നെ നയത്തെ സ്വാഗതം ചെയ്തുക്കൊണ്ട് തമിഴ്‌നാട് കോൺഗ്രസ് വക്താവായ ഖുശ്ബു രംഗത്തെത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന അടുത്ത കോൺഗ്രസ് നേതാവായിരിക്കും ഖുശ്ബുവെന്ന പ്രചാരണങ്ങളും ശക്തമായി.
ഹാഥരസ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഖുശ്ബു പങ്കെടുത്തിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ ഖുശ്ബു സീറ്റിന് ശ്രമിച്ചെങ്കിലും താരത്തിന് ലഭിച്ചിരുന്നില്ല.