ജോസ് കെ മാണിയുടെ പ്രവേശനം: അതൃപ്തി അറിയിച്ച് സി പി ഐ

കേരള’കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സി പി ഐ നേതൃത്വം രംഗത്തെത്തി.കോട്ടയം ജില്ലാ നേതൃത്വമാണ് പരസ്യമായിത്തന്നെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. ജോസ് കെ. മാണി ഇടതുമുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സി.പി.ഐ . കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു.യു.ഡി.എഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല.
ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സി.പി.ഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ ഇപ്പോഴും അവര്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന.അതേസമയം, ജോസ്.കെ മാണി ഇടത് മുന്നണിയുടെ ഭാഗമായാലും പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി രംഗത്തെത്തി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി.കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിച്ചേക്കും
അതേസമയം ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതില്‍ അനുകൂല നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്ന് സഹകരണസംഘങ്ങള്‍ സി.പി.ഐ.എമ്മുമായി ചേര്‍ന്ന് ജോസ് കെ.മാണി പക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തിരുന്നു.