സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി നടേശൻ വെള്ളവും വളവും നല്‍കുന്നുവെന്ന് ജനയുഗം

തിരുവനന്തപുരം/ സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി നടേശൻ വെള്ളവും വളവും നല്‍കുന്നുവെന്ന് സി പി ഐ യുടെ മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. ഏകമതത്തില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യചര്‍ച്ചയിലേക്ക് വലിച്ചിടുകയാണെന്നും, വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസ്സാണെന്നും, മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ജനയുഗം വെള്ളാപ്പാള്ളി നടേശനെതിരെ എഴുതിയ മുഖ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പൺ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിൽ. അതിനെ നയിക്കാൻ മുസ്‌ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ, രാജ്യത്ത് വർഗീയ വിഷംപകർന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമർശിക്കുന്നതിനെ ആരും ആ അർത്ഥത്തിലേ കാണൂ. എന്നാൽ ഗുരുദേവൻ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികൾക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല. മുഖപ്രസംഗം പറയുന്നു.

ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നിൽ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി ഈവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാന കേരളത്തിനും മലയാളികൾക്കാകെയും ഇതിന് ഐക്യംനേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ വൈസ്ചാൻസലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വാശികാണിച്ചെന്നാണ് ഗുരുദേവ ദർശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വർഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാർലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീർത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളിൽവച്ചുതന്നെയാണ്. ജാതിയോ മതമോ നോക്കാതെ വിസിയെ നിയമിച്ച സർക്കാർ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേൽപ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വർഗീയ മനസ്സോടെ ഇങ്ങനെ ആവർത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കുവാനും പാഴൂർ പടിപ്പുര വരെ പോകേണ്ടതുമില്ല. ജനയുഗം കുററപ്പെടുത്തുന്നു.
ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചിരുന്നതാണ്. ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് വെള്ളാപ്പള്ളി ആരോപിക്കുകയുണ്ടായി. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നു ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.