
ന്യൂഡൽഹി: ചൈനയുമായി ലഡാഖ് അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വിവാദ പ്രസ്താവന. ‘ചൈനയുടെ സഹായത്തോടെ’ ജമ്മു കശ്മീരിൻ്റെ റദ്ദാക്കിയ പ്രത്യേക പദിവി തിരിച്ചു കൊണ്ടുവരാമെന്ന്പ്ര തീക്ഷിക്കുന്നതായിട്ടാണ് ഫറൂഖ് അബ്ദുള്ളയുടെ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ലഡാഖ് അതിര്‍ത്തിയിൽ ചൈന നടത്തുന്ന പ്രകോപനത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നും, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതാണ് ചൈനീസ് പ്രകോപനത്തിന് കാരണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞിരിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കിയത് ചൈന ‘ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും’ അവരുടെ പിന്തുണയോടെ അത് പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആണ് ഫറൂഖ് അബ്ദുള്ള പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ഇന്ത്യ ടുഡേ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന ഉണ്ടായത്.
“യഥാര്‍ഥ നിയന്ത്രണരേഖയിൽ അവര്‍ ചെയ്യുന്നതിനെല്ലാം കാരണം അനുച്ഛേദം 370 റദ്ദാക്കിയത് അവര്‍ അംഗീകരിച്ചിട്ടില്ല എന്നതാണ്. അവരുടെ പിന്തുണയോടെ ജമ്മു കശ്മീരിൽ അനുച്ഛേദം 370 പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.” ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് അന്താരാഷ്ട്ര വേദികളിലും മറ്റു രാജ്യങ്ങളോടും ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. കശ്മീര്‍ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാഗ്ദാനവും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നതാണ്.
2019 ഓഗസ്റ്റ് അഞ്ചിനാണ് പാര്‍ലമെന്റ് അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും. ഇതിനെതിരെ കശ്മീരിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം തുടരു ന്നതിനിടെയാണ്, ചൈനീസ് പിന്തുണയോടെ പ്രത്യേക പദവി തിരിച്ചു പിടിക്കുന്നതു സംബന്ധിച്ച ഫറൂഖ് അബ്ദുള്ളയുടെ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്.
“ഞാൻ ഒരിക്കലും ചൈനീസ് പ്രസിഡൻ്റിനെ ക്ഷണിച്ചിട്ടില്ല” എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായുള്ള ബന്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തുന്നുണ്ട്. “പ്രധാനമന്ത്രി മോദിയാണ് ചൈനീസ് പ്രസിഡൻ്റിനെ ക്ഷണിക്കുകയും ഊഞ്ഞാലാടുകയും ചെയ്തത്. മോദി അദ്ദേഹത്തെ ചെന്നൈയ്ക്ക് കൊണ്ടുപോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകുയയും ചെയ്തു.” ഫറൂഖ് അബ്ദുള്ള പറഞ്ഞിരിക്കുന്നു.
ജമ്മു കശ്മീരിലെ കേന്ദ്രസര്‍ക്കാരിൻ്റെ രാഷ്ട്രീയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിൻ്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിൽ പറയാൻ പോലും തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു കശ്മീരിന് ഭരണഘടനാപരമായ പ്രത്യേക പദവി നല്‍കുകയും പ്രത്യേക ഭരണഘടനയും പ്രത്യേക പീനൽ കോഡും മറ്റു നിയമപരമായ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്ത അനുച്ഛേദം 370, അനുച്ഛേദം 35എ എന്നീ വകുപ്പുകളാണ് പാര്‍ലമെന്റ് റദ്ദാക്കിയത്. ഈ നടപടിയ്ക്ക് പിന്നാലെ കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഫറൂഖ് അബ്ദുള്ളയെയും മുൻ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്യുകയുണ്ടായി.